ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപടക്കം നാലു പ്രതികള്‍ മൊബൈല്‍ ഫോണ്‍ മാറ്റിയെന്ന് കണ്ടെത്തിയെന്ന് ക്രൈം ബ്രാഞ്ച്. തെളിവുകള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോള്‍ പ്രതികള്‍ കൈമാറിയത് പുതിയ ഫോണുകളാണ്. തെളിവുകള്‍ നശിപ്പിക്കാനാണ് ഫോണ്‍ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍.
പഴയ ഫോണ്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്.പി മോഹന ചന്ദ്രന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കാനാണ് നിര്‍ദേശം. ദിലീപ്, സഹോദരന്‍ അനൂപ്, എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കാണ് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ കഴിയൂ എന്നും എസ്.പി.
ഡിസംബര്‍ 9ന് വധഭീഷണിക്ക് കേസ് എടുത്തതിന് പിന്നാലെ പ്രതികള്‍ ഉപയോഗിച്ച അഞ്ച് ഫോണുകള്‍ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളില്‍ സിം കാര്‍ഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്.
ചൊവ്വാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. മുന്ന് ദിവസം 33 മണിക്കൂറാണ് ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്.