കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടു എഡിറ്റ് ചെയ്തത് സംഘപരിവാറിന്റെ ബൗദ്ധിക സംഘടനയായ ഭാരതീയ വിചാരകേന്ദ്രം.കേന്ദ്രം ഉപഡയറക്ടറും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് അംഗവുമായ ഡോക്ടര്‍ സിഐ ഐസക് ആണ് ഭാഗം പരിശോധിച്ച് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ അഞ്ചാം വോള്യത്തിലെ കേരളത്തിലെ സ്വാതന്ത്ര്യസമര രക്തസാക്ഷികളെക്കുറിച്ചുള്ള ഭാഗത്ത് മലബാര്‍ കലാപത്തിലെ പ്രധാനികളായ ആലിമുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഉള്‍പ്പെട്ടതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നിഘണ്ടുവിലെ അഞ്ചാം വാല്യം നീക്കിയിരുന്നു.
ജനം ടിവി മുന്‍ പ്രോഗ്രാം മേധാവി മനോജ് മനയില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സ്വാതന്ത്ര സമര രക്തസാക്ഷി നിഘണ്ടു എഡിറ്റ് ചെയ്തത് ഭാരതീയ വിചാരകേന്ദ്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ മുഖവുരയില്‍ സ്‌ക്രിപ്റ്റ് പരിശോധിച്ചതും മാറ്റങ്ങള്‍ നിര്‍ദേശിച്ചതും സി ഐ ഐസക്കാണെന്ന് പറയുന്നുണ്ടെന്ന് മനോജ് മനയില്‍ ചൂണ്ടിക്കാണിക്കുന്നു.
ആലിമുസ്ലിയാരെയും കുഞ്ഞഹമ്മദ്ഹാജിയെയും യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളും രക്തസാക്ഷികളുമായാണ് സംഘപരിവാറിന്റെ ബുദ്ധിജീവികള്‍ കാണുന്നതെന്ന് വാരിയന്‍കുന്നന്‍ സിനിമ ചെയ്യുന്നവരും വിമതസിനിമാക്കാരും തിരിച്ചറിയണമെന്ന് കുറിപ്പില്‍ പറയുന്നു. വിമത സിനിമയ്ക്ക് പിന്നില്‍ സംഘപരിവാറല്ലെന്ന് ഇതില്‍ നിന്നും തിരിച്ചറിയണം. സിനിമയ്ക്കുള്ള പണപ്പിരിവില്‍ സംഭാവന നല്‍കിയവരെക്കുറിച്ച് അന്വേഷണവും ഓഡിറ്റിംഗും ആവശ്യമാണെന്നും മനോജ് മനയില്‍ കുറിപ്പില്‍ പറയുന്നു.
മനോജ് മനയിലിന്റെ കുറിപ്പ്
വാരിയൻകുന്നൻ:
സര്‍ട്ടിഫിക്കറ്റ് നല്‍കിയത്
ഭാരതീയവിചാരകേന്ദ്രം!
----------
സംഘപരിവാറിലെ ന്യായീകരണത്തൊഴിലാളികള്‍ ഇനി നന്നായി വിയര്‍ക്കേണ്ടിവരും. 2018-ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതും, പ്രധാനമന്ത്രി നരേന്ദ്രമോദി 2019 മാര്‍ച്ച് 7-ന് ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ നടന്ന പരിപാടിയില്‍ പുറത്തിറക്കിയതുമായ "രക്തസാക്ഷിനിഘണ്ടു-ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: 1857മുതല്‍ 1947വരെ"(DICTIONARY OF MARTYRS, INDIA’S FREEDOM STRUGGLE-1857-1947) എന്ന ഗ്രന്ഥം എന്തുകൊണ്ടും വിവാദമാണ്.
ഈ പരമ്പര പ്രസിദ്ധീകരിച്ചിരിക്കുന്നത് കേന്ദ്രസാംസ്‌കാരികവകുപ്പും ICHRഉം(Indian Council Of Historical Research) സംയുക്തമായാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ അഞ്ചാം വോള്യത്തിലാണ് കേരളത്തിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് രക്തസാക്ഷികളായവരെക്കുറിച്ചുള്ളത്. ഇതില്‍ 1921-ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരില്‍ പ്രധാനികളായ ആലിമുസലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദു ഹാജിയും ഉള്‍പ്പെടുന്നു. അവര്‍ മാത്രമല്ല, 1921-ലെ കലാപത്തില്‍ മരണമടഞ്ഞവരെല്ലാം ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. ഹ്രസ്വമാണ് കുറിപ്പുകളോരോന്നും.
ആഷിഖ് അബുവിന്റെ 'വാരിയന്‍കുന്നന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ടുനടന്ന വിവാദത്തില്‍, കേരളത്തിലെ ഹിന്ദു-മുസ്ലീം സംഘടനകളും വ്യക്തികളും പോര്‍വിളി മുഴക്കിയതു വാര്‍ത്താപ്രാധാന്യം നേടിയിരുന്നല്ലോ. വാരിയന്‍കുന്നന്റെ ചെയ്തികളിലേക്കോ, സിനിമയുടെ ധര്‍മാധര്‍മവിചിന്തനങ്ങളിലേക്കോ ഈ എഴുത്ത് പ്രവേശിക്കുന്നില്ല.
പ്രധാനമന്ത്രി പുറത്തിറക്കിയ ഈ പുസ്തകത്തില്‍ വാരിയന്‍കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയും സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ വീരചരമം പ്രാപിച്ച രക്തസാക്ഷിയുമാണെന്നു സാക്ഷ്യപത്രം(Certificate) നല്‍കിയത്, കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ ബൗദ്ധികസംഘടനായ ഭാരതീയവിചാരകേന്ദ്രമാണെന്നത് ചുരുങ്ങിയത് സംഘപരിവാര്‍ ന്യായീകരണക്കാര്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു!
ഭാരതീയവിചാരകേന്ദ്രത്തെ സ്ഥാപിച്ചത് യശശ്ശരീരനായ പി. പരമേശ്വരനാണ്. മരിക്കുന്നതുവരെ അദ്ദേഹമായിരുന്നു ഡയരക്ടര്‍. തിരുവനന്തപുരത്താണ് ഓഫീസ്. പി. പരമേശ്വരന്‍ ആര്‍.എസ്.എസ്. പ്രചാരകന്‍ കൂടിയായിരുന്നു. സംഘപരിവാറിലെ ബുദ്ധിജീവികളുടെ സംഘടനയാണ് ഭാരതീയവിചാരകേന്ദ്രം. തികച്ചും ആര്‍.എസ്.എസ്. നിയന്ത്രണത്തിലാണിത് പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനയില്‍ ചരിത്രകാരന്മാര്‍, രാഷ്ട്രീയനിരീക്ഷകര്‍, സാഹിത്യകാരന്മാര്‍, അധ്യാപകര്‍ തുടങ്ങി പലതരം ആളുകളുണ്ട്.
ഭാരതീയവിചാരകേന്ദ്രത്തിന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡണ്ടാണ് ചരിത്രകാരനായ ഡോ. സി.ഐ. ഐസക്. ഇദ്ദേഹമാണ് ICHRലുള്ള കേരളത്തിലെ സംഘപരിവാര്‍ പ്രതിനിധി. ഇദ്ദേഹമാണ് DICTIONARY OF MARTYRS, INDIA’S FREEDOM STRUGGLE-1857-1947 എന്ന ഗ്രന്ഥത്തിന്‍റെ അഞ്ചാം വോള്യം പരിശോധിച്ച് അംഗീകാരം നല്‍കിയിരിക്കുന്നത്!
ഇദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് ഗ്രന്ഥത്തിന്റെ മുഖവുരയില്‍ ജനറല്‍ എഡിറ്ററും ICHR ചെയര്‍മാനുമായ അരവിന്ദ് ജാംഖേദ്കര്‍ പറയുന്നതിപ്രകാരമാണ്: "ദീര്‍ഘതയേറിയ ഈ ടൈപ്പ്‌സ്‌ക്രിപ്റ്റ് പരിശോധിക്കുകയും ഗുണകരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്ത പ്രൊഫ. സി.ഐ. ഐസക്കിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു." ഇതിലപ്പുറം ഈ ഗ്രന്ഥത്തില്‍ ഭാരതീയവിചാരകേന്ദ്രം വൈസ് പ്രസിഡണ്ടിനുള്ള കര്‍തൃത്വത്തെ തെളിയിക്കേണ്ടതല്ലില്ലോ!
ആലി മുസലിയാരെക്കുറിച്ചും(പേജ്-7) വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദുഹാജിയെക്കുറിച്ചും(പേജ്-248) വിപരീതമയൊരു പരാമര്‍ശംപോലും ഈ ഗ്രന്ഥത്തിലില്ല. നിഘണ്ടുരീതിയില്‍ തയ്യാറാക്കപ്പെട്ടതിനാല്‍ സത്താമാത്രപ്രധാനമാണ് കുറിപ്പുകള്‍. 1921-ലെ മലബാര്‍ കലാപ രക്തസാക്ഷികളായ മറ്റുള്ളവരെക്കുറിച്ചും കുറിപ്പുകള്‍ ഇതിലുണ്ട് എന്നതും ശ്രദ്ധേയമാണ്.
വാരിയന്‍കുന്നന്‍ സിനിമക്കാരും വിമതസിനിമക്കാരും അറിയേണ്ട പ്രധാനസംഗതി എന്താണെന്നുവച്ചാല്‍, സംഘപരിവാറിന്റെ ബുദ്ധിജീവകള്‍ക്ക് ആലിമുസലിയാരും കുഞ്ഞഹമ്മദുഹാജിയും യഥാര്‍ത്ഥ സ്വാതന്ത്ര്യസമരസേനാനികളും രക്തസാക്ഷികളുമാണെന്നതില്‍ സംശയമില്ല എന്നതാണ്. അങ്ങനെയെങ്കില്‍ വിമതസിനിമയ്ക്കിറങ്ങിപ്പുറപ്പെട്ടവര്‍ സംഘപരിവാറുകരല്ല എന്നും നാം തിരിച്ചറിയണം. അതിന്റെപേരില്‍നടക്കുന്ന പണപ്പിരിവില്‍ ആരാണ് പണം സംഭാവനകൊടുക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണവും ഓഡിറ്റിംഗും വേണ്ടതല്ലേ എന്നൊരു സാധാരണഹിന്ദു സംശയിച്ചാല്‍ കുറ്റംപറയാന്‍ പറ്റുമോ? ബുദ്ധിയുള്ളവര്‍ക്കു കാര്യഗ്രഹണശേഷിയുണ്ടെന്നും അതില്ലാത്തവരാണ് വര്‍ഗീയത പറയുന്നതെന്നതും ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത് നാം മനസ്സിലാക്കാതെ പോകരുത്.
//വിചാരകേന്ദ്രത്തില്‍നിന്നു പുറത്താക്കപ്പെട്ട എല്ലാ ബുദ്ധിജീവികള്‍ക്കും ഈ കുറിപ്പ് സമര്‍പ്പിക്കുന്നു. //
----------
ചിത്രങ്ങള്‍: 1. ഭാരതീയവിചാരകേന്ദ്രം വൈസ് പ്രസിഡണ്ട് ഡോ. സി.ഐ. ഐസക്. 2. പ്രധാനമന്ത്രി പുസ്തകം പുറത്തിറക്കുന്നു. സമീപം മന്ത്രി മഹേഷ് ശര്‍മ. 3. വാരിയന്‍കുന്നനെക്കുറിച്ചുള്ള കുറിപ്പ്, 4. ആലി മുസലിയാരെക്കുറിച്ചുള്ള കുറിപ്പ്.