തിരുവനന്തപുരം ചെങ്കലില്‍ ഓഫീസ് നിര്‍മ്മാണത്തിനായി സിപിഎം വാങ്ങിയ സ്ഥലത്തെ ഒറ്റമുറി വിട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശാവര്‍ക്കറായ 41 കാരി ആശയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശയുടെ വീടിന് അടുത്താണ് പാര്‍ട്ടിയുടെ സ്ഥലം. പാര്‍ട്ടി കമ്മറ്റിയില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് പുറത്തുപോവുയായിരുന്നു ആശ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് സമീപത്തെ ഒറ്റമുറി കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആശ സജീവ സിപിഎം പ്രവര്‍ത്തകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം പാര്‍ട്ടി യോഗത്തില്‍ ഉയര്‍ന്ന ചില വിഷയങ്ങളില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ ആരോപണം സിപിഎം തള്ളുന്നു. പാര്‍ട്ടിയുടെ അനുഭാവിയെന്നല്ലാതെ ആശ ഒരു ഘടകത്തിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രാദേശിക സിപിഎം നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ആശയെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു കമ്മിറ്റിയും ചേര്‍ന്നിട്ടില്ലെന്നുമാണ് സിപിഎം പ്രാദേശിക ഘടകത്തിന്റെ വിശദീകരണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഏതെങ്കിലും തരത്തില്‍ ആശയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സംഭവമുണ്ടായിട്ടില്ലെന്നും പാര്‍ട്ടി അറിയിച്ചു. അതേസമയം സംഭവസ്ഥലത്തെത്തിയ പൊലീസുകാരെ നാട്ടുകാര്‍ തടഞ്ഞു. ആര്‍ഡിഒ എത്തിയ ശേഷമേ ഇന്‍ക്വസ്റ്റ് നടത്താവൂ എന്നാവശ്യപ്പെട്ടായിരുന്നു ഇത്. ആവശ്യം അംഗീകരിച്ച് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി അനില്‍കുമാര്‍ വ്യക്തമാക്കി. അഴകിക്കോണം പുത്തന്‍വീട്ടില്‍ ശ്രീകുമാറിന്റെ ഭാര്യയാണ് ആശ. അരുണ്‍കൃഷ്ണ, ശ്രീകാന്ത് എന്നിവരാണ് മക്കള്‍.