സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണ് താനെന്ന് മുന്‍ സംസ്ഥാന സമിതിയംഗവും എംഎല്‍എയുമായിരുന്ന സി.കെ.പി.പദ്മനാഭന്‍. പാര്‍ട്ടിയിലെ വിഭാഗീയത എല്ലാക്കാലത്തും അധികാരത്തെ ചൊല്ലിയായിരുന്നു. വിഭാഗീയതയുടെ പേരിലാണ് തനിക്കെതിരെ ആരോപണങ്ങള്‍ കെട്ടിവെച്ചത്. തന്നെ പാര്‍ട്ടിയില്‍ നിന്നും കരുതിക്കൂട്ടി പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഈ അവസ്ഥയില്‍ എത്തിച്ചത്. അതില്‍ സന്തോഷമുണ്ട്. തിരുത്തല്‍ വേണ്ടത് താഴേത്തട്ടിലല്ല, മുകള്‍ത്തട്ടിലാണ്. ചെയ്യാത്ത കുറ്റത്തിന് അച്ചടക്ക നടപടി നേരിട്ടതിന്റെ സംഘര്‍ഷം തന്നെ രോഗിയാക്കി മാറ്റിയെന്നും കണ്ണൂര്‍ വിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു.
സി.കെ.പി. പദ്മനാഭന്‍ പറഞ്ഞത്
ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല. സത്യം ജനങ്ങള്‍ അറിയണം. വിഭാഗീയതയുടെ പേരിലാണ് തന്റെ പേരില്‍ ആരോപണങ്ങള്‍ കെട്ടിവച്ചത്. താന്‍ ശരിയുടെ പക്ഷത്തായിരുന്നു. അതാണ് തനിക്കെതിരെ നടപടിയെടുക്കാന്‍ കാരണം. അന്ന് അതിന് പിറകില്‍ പ്രവര്‍ത്തിച്ചവരാണ് ഇന്ന് പാര്‍ട്ടിയെ ഈ അവസ്ഥയിലെത്തിച്ചത്. അതില്‍ താന്‍ സന്തോഷിക്കുന്നെന്നും സികെപി പറഞ്ഞു. താഴേത്തട്ടിലല്ല, മുകള്‍ത്തട്ടിലാണ് തിരുത്തല്‍ വേണ്ടത്. പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയായി താന്‍ മാറുകയായിരുന്നു.
കര്‍ഷക സംഘത്തിന്റെ ഫണ്ട് തിരിമറി നടത്തിയിട്ടില്ല. ഓഫിസ് സെക്രട്ടറിയായിരുന്നയാള്‍ നാലു ലക്ഷം രൂപ തട്ടിയെടുത്തുവെന്നത് വാസ്തവമാണ്. അന്ന് ഇ.പി.ജയരാജനാണ് പാര്‍ട്ടി ഫണ്ടായ 20 ലക്ഷം രേഖാമൂലം ബാങ്കില്‍നിന്നു പിന്‍വലിച്ചത്. ഇക്കാര്യം രേഖാമൂലം തെളിവുകള്‍ നല്‍കിയിരുന്നു പാര്‍ട്ടി സഖാക്കളെ നോക്കി ചിരിച്ചുകൊണ്ടു പോളിംഗ് ബൂത്തില്‍ പോയവര്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തില്ല. അതാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ തോല്‍വി നേരിടാന്‍ കാരണമായത്. സത്യം എപ്പോഴും പിറകിലെ ഇരിക്കുകയുള്ളു. അതു മുന്‍പില്‍ വരാന്‍ സമയമെടുക്കും. അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിക്ക് എതിരെ പരാതി നല്‍കിയെന്ന കാര്യം വസ്തുതാപരമാണ്. എന്നാല്‍ അതിന്റെ ശരിതെറ്റുകള്‍ താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും സി.കെ.പി കൂട്ടിച്ചേര്‍ത്തു. 1957 ലെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധികാലത്ത് ജനങ്ങളെ ആകര്‍ഷിക്കുന്ന മാതൃകയായ തീരുമാനങ്ങള്‍ കൈക്കൊണ്ടു. അത് ഇന്നുണ്ടാകുന്നില്ല ടിപി ചന്ദ്രശേഖരന്‍ വധത്തിലൂടെ എന്താണോ ഇല്ലാതാക്കാന്‍ ശ്രമിച്ചത്, അത് വളര്‍ന്നു. ടിപിയെക്കാള്‍ വലിയ പ്രസ്ഥാനമായി മാറി.
ചെയ്യാത്ത കുറ്റത്തിന് അച്ചടക്ക നടപടി നേരിട്ടതിന്റെ സംഘര്‍ഷം തന്റെ ആരോഗ്യത്തെയും ബാധിച്ചു. ഡയാലിസിസ് രോഗിയാണ്. പ്രസ്ഥാനത്തിന്റെ തെറ്റുകള്‍ പാര്‍ട്ടിയാണ് തിരുത്തേണ്ടത്. പക്ഷേ, ആ ഉത്തരവാദിത്വം കൂടി ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. അണികളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാനാണ് 12 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും 2006-11 കാലഘട്ടത്തില്‍ തളിപ്പറമ്പ് എംഎല്‍എയുമായിരുന്നു സികെപി പത്മനാഭന്‍. പാര്‍ട്ടി അച്ചടക്ക നടപടിയുടെ പേരില്‍ മാടായി ഏരിയാ കമ്മറ്റിയിലേക്ക് 12 വര്‍ഷം മുമ്പ് തരംതാഴ്ത്തിയിരുന്നു. കര്‍ഷക സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് 20 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടില്‍ നിന്നും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു ആരോപണം.