മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കായംകുളം എംഎല്‍എ യു പ്രതിഭയെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. എം എല്‍ എയുടെ പരാമര്‍ശങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് യോജിക്കുന്നതല്ലെന്ന് ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പ്രതികരിച്ചു. മാധ്യമങ്ങള്‍ വ്യാജപ്രചരണങ്ങള്‍ നടത്തിതായി പ്രതിഭ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി. മനോരമാ ന്യൂസിനോടാണ് പ്രതികരണം.
പ്രതിഭയുടെ പ്രതികരണത്തെ പാര്‍ട്ടി ഗൗരവമായി എടുക്കുന്നതായും ഇക്കാര്യങ്ങള്‍ പാര്‍ട്ടി ഘടകങ്ങള്‍ പരിശോധിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി. ഡിവൈഎഫ്‌ഐ അംഗങ്ങള്‍ എംഎല്‍എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരണം നടത്തിയിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചാല്‍ വാവാ സുരേഷിനെ വിളിച്ച് ചില വിഷപ്പാമ്പുകളെ മാളത്തില്‍ നിന്ന് ഇറക്കാനുണ്ടെന്ന് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യമിട്ട് യു പ്രതിഭ എംഎല്‍എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊറോണ വ്യാപന സമയത്ത് എംഎല്‍എ ഓഫീസ് പൂട്ടില്‍ വീട്ടില്‍ ഇരിക്കുകയാണെന്ന ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളുടെ വിമര്‍ശനത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കം.
തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കൂവെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള എംഎല്‍എയുടെ രോഷപ്രകടനം. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.നിങ്ങള്‍ക്ക് ലജ്ജയാവില്ലേ, ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എന്തിനാണ് പ്രാധാന്യം നല്‍കുന്നത്. വ്യക്തിപരമായി പറയുന്നത് യുവജന സംഘടനയുടെ അഭിപ്രായമെന്ന് വാര്‍ത്ത നല്‍കുന്നത് എന്തിനാണെന്നും യു പ്രതിഭ ചോദിക്കുന്നു. മാധ്യമങ്ങളുടെ പരിലാളനയില്‍ വളര്‍ന്ന ആളല്ല താനെന്നും പ്രതിഭ പരാമര്‍ശിക്കുന്നുണ്ട്.