പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതും അവിടെ പൂജ നടത്തിയതും ഭരണഘടനാ വിരുദ്ധമെന്ന് സി.പി.ഐ.എം. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്.
ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചു നല്‍കിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തതെന്ന് സി.പി.ഐ.എം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ചടങ്ങില്‍ പ്രധാനമന്ത്രി പൂജ നടത്തിയതിനെതിരെയും സി.പി.ഐ.എം വിമര്‍ശനം ഉന്നയിച്ചു. എല്ലാ ഇന്ത്യാക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്. അതേസമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസനിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവന
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യത്തിന്റെ മൂന്ന് വിഭാഗങ്ങളായ എക്സിക്യൂട്ടീവിനെയും ലെജിസ്ലേച്ചറിനെയും ജുഡീഷ്യറിയെയും ഭരണഘടന സംശയരഹിതമായി വേര്‍തിരിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കുന്നത്. എക്സിക്യൂട്ടീവിന്റെ തലവനാണ് പ്രധാനമന്ത്രി.
നിയമങ്ങള്‍ നിര്‍മ്മിക്കുക, എക്സിക്യൂട്ടീവിനെ പരിശോധനാവിധേയമാക്കുക തുടങ്ങി ലെജിസ്ലേച്ചറിന് പ്രവര്‍ത്തിക്കാന്‍ അതിന്റേതായ സ്വതന്ത്ര രീതിയുണ്ട്. ഈ മൂന്ന് വിഭാഗങ്ങള്‍ക്ക് ഭരണഘടന വേര്‍തിരിച്ചു നല്‍കിയ അധികാരങ്ങളെ ഇകഴ്ത്തുകയാണ് എക്സിക്യൂട്ടീവിന്റെ തലവനായ പ്രധാനമന്ത്രി ചെയ്തത്. മാത്രമല്ല ചടങ്ങില്‍ പ്രധാനമന്ത്രി പൂജ നടത്തുകയും ചെയ്തു.
എല്ലാ ഇന്ത്യാക്കാര്‍ക്കും അവരുടെ വിശ്വാസം ആചരിക്കാനും പിന്തുടരാനും ഭരണഘടന അവകാശവും സംരക്ഷണവും നല്‍കിയിട്ടുണ്ട്. ഇത് ഒഴിവാക്കാനാവാത്ത അവകാശമാണ്. അതേസമയം ഭരണകൂടം ഏതെങ്കിലും വിശ്വാസത്തെയോ മതത്തെയോ പിന്തുടരുകയോ ആചരിക്കുകയോ ചെയ്യുന്നില്ലെന്ന് ഭരണഘടന അസനിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയെ സംരക്ഷിക്കുമെന്നും ഉയര്‍ത്തിപിടിക്കുമെന്നും അധികാരമേല്‍ക്കുമ്പോള്‍ എടുത്ത സത്യപ്രതിജ്ഞ കര്‍ക്കശമായി പാലിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാകണം.