സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുത്തതില്‍ സിപിഐക്ക് അതൃപ്തിയെന്ന രീതിയില്‍ ചര്‍ച്ചകള്‍ നിലനില്‍ക്കെ കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രകീര്‍ത്തിച്ച് കാനം രാജേന്ദ്രന്‍. പാര്‍ട്ടി മുഖപത്രം ജനയുഗത്തിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെ പുകഴ്ത്തിയും പ്രതിപക്ഷത്തെ രൂക്ഷമായും വിമര്‍ശിച്ചും എഴുതിയിരിക്കുന്നത്. ലോകമെമ്പാടും മരണത്തിന്റെ താണ്ഡവനൃത്തം നടക്കുമ്പോള്‍ നമ്മുടെ സംസ്ഥാനം ആശ്വാസത്തിന്റെ തുരുത്തായി മാറിയെന്ന് കാനം രാജേന്ദ്രന്‍. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ പിഴവുകളേയില്ലാതെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളം ഇന്ത്യക്കും ലോകത്തിനും വീണ്ടും മാതൃകയായി. നാടനെന്നോ മറുനാടനെന്നോ വ്യത്യാസം കൂടാതെ എല്ലാവരെയും തുല്യപരിഗണനയോടെ ചികിത്സിക്കാനായതും കേരളത്തിന്റെ പ്രത്യേകതയാണ്. ലോകരാജ്യങ്ങള്‍ കോവിഡ് 19നു മുമ്പില്‍ പകച്ചും പതറിയും നില്‍ക്കുമ്പോള്‍ കേരളം ആത്മവിശ്വാസത്തോടെ നിന്നു. ഏത് അടിയന്തിരസാഹചര്യത്തെയും നേരിടാന്‍ തങ്ങള്‍ക്കാവുമെന്ന് കേരളം ഉറപ്പു നല്‍കിയത് എല്ലാവര്‍ക്കും ആശ്വാസമായി. നമ്മുടെ കൊച്ചുകേരളം സെയ്ഫ്സോണായി നിലയുറപ്പിക്കുന്നത് ഏറെ അഭിമാനകരവുമാണ്. കാനം ലേഖനത്തില്‍ പറയുന്നു.
ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം കേരളസര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കന്‍മാരും പരിശ്രമിച്ചത്. ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പക്ഷേ ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്. കാനം ലേഖനത്തില്‍ എഴുതുന്നു.
സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ പരോക്ഷ വിമര്‍ശനവുമായി ജനയുഗം മുഖപ്രസംഗം എഴുതിയിരുന്നു. ഐ.ടി. സെക്രട്ടറി എം ശിവശങ്കര്‍ കാനം രാജേന്ദ്രനെ സന്ദര്‍ശിച്ച് സ്പ്രിങ്ക്‌ളര്‍ കരാറിലെ കാര്യങ്ങള്‍ വിശദീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പ്രിങ്ക്‌ളര്‍ ഇടപാടിനെക്കുറിച്ച് കാനം എഴുതിയ ലേഖനത്തില്‍ എവിടെയും പരാമര്‍ശമില്ല.
കാനം രാജേന്ദ്രന്റെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍
ലോകമെമ്പാടും മരണത്തിന്റെ താണ്ഡവനൃത്തം നടക്കുമ്പോള്‍ നമ്മുടെ സംസ്ഥാനം ആശ്വാസത്തിന്റെ തുരുത്തായി മാറി. ഫലപ്രദമായ ഇടപെടലുകള്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനം അപ്പാടെ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിലുള്ള സംവിധാനങ്ങള്‍ പിഴവുകളേയില്ലാതെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളം ഇന്ത്യക്കും ലോകത്തിനും വീണ്ടും മാതൃകയായി. പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളും എക്കാലവും കേരളത്തിലെ സാധാരണക്കാരന്റെ ആശ്രയ കേന്ദ്രങ്ങളാണ്. കേരളത്തിലെ കോവിഡ് രോഗികളെയെല്ലാം ചികിത്സിക്കുന്നത് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളും അവിടുത്തെ അര്‍പ്പണബോധമുള്ള ആരോഗ്യ പ്രവര്‍ത്തകരുമാണ് എന്നതും ചികിത്സയും പരിചരണവുമെല്ലാം തീര്‍ത്തും സൗജന്യമാണ് എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. നാടനെന്നോ മറുനാടനെന്നോ വ്യത്യാസം കൂടാതെ എല്ലാവരെയും തുല്യപരിഗണനയോടെ ചികിത്സിക്കാനായതും കേരളത്തിന്റെ പ്രത്യേകതയാണ്. ലോകരാജ്യങ്ങള്‍ കോവിഡ് 19നു മുമ്പില്‍ പകച്ചും പതറിയും നില്‍ക്കുമ്പോള്‍ കേരളം ആത്മവിശ്വാസത്തോടെ നിന്നു. ഏത് അടിയന്തിരസാഹചര്യത്തെയും നേരിടാന്‍ തങ്ങള്‍ക്കാവുമെന്ന് കേരളം ഉറപ്പു നല്‍കിയത് എല്ലാവര്‍ക്കും ആശ്വാസമായി. നമ്മുടെ കൊച്ചുകേരളം സെയ്ഫ്സോണായി നിലയുറപ്പിക്കുന്നത് ഏറെ അഭിമാനകരവുമാണ്. കോവിഡ് മരണനിരക്ക് ആഗോളതലത്തില്‍ 5.7 ശതമാനമാണ്.
എല്ലാ തൊഴിലാളികളേയും സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെയെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കണ്ട് സംരക്ഷണ നടപടികള്‍ സ്വീകരിച്ചു. കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വില നല്‍കി ഏറ്റെടുക്കാന്‍ സംവിധാനമൊരുക്കി. ഈ പട്ടികയില്‍ ഇനിയും ചേര്‍ക്കേണ്ട ഇനങ്ങളുണ്ട്. ഇതെല്ലാം ഇന്ത്യക്കും ലോകത്തിനും മാതൃകയായി നടപ്പിലാക്കിയവയാണ്. ഈ സമയത്തെല്ലാം പ്രതിപക്ഷത്തിന്റെ നിലപാടെന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്തിനുമേതിനും കുറ്റപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയവരെയാണ് നാം അവരില്‍ കണ്ടത്. ഒരു ദുരന്തവേളയില്‍ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. അതിനായി പരിശ്രമിച്ച ആരോഗ്യമന്ത്രിയെ ആക്ഷേപിക്കുകയായിരുന്നു പ്രതിപക്ഷം. ലോക്ഡൗണിനേയും അവര്‍ എതിര്‍ത്തു. അമേരിക്കയാണ് മാതൃക എന്നു കൂടി പറഞ്ഞുവെച്ചു. ആനുകൂല്യവിതരണങ്ങള്‍, ഭക്ഷ്യധാന്യ വിതരണം എന്നിവയേയും അപഹസിക്കാന്‍ അവര്‍ക്ക് മടിയുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം എന്നത് ഏവര്‍ക്കും അറിയാം. രണ്ടു പ്രളയങ്ങള്‍ തകര്‍ത്തെറിഞ്ഞ നാടാണിത്. അര്‍ഹതപ്പെട്ട സഹായം നമുക്ക് നല്‍കാതിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടികളും സഹായിക്കാന്‍ തയ്യാറായ രാജ്യങ്ങളെ വിലക്കിയ കാര്യവുമൊന്നും നാം മറന്നിട്ടില്ല. പ്രയാസങ്ങള്‍ക്കിടയിലും നാം ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സഹായിക്കാന്‍ സുമനസുകള്‍ തയ്യാറായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ പാടില്ലെന്ന വാദഗതിയുമായി ഒരു പ്രതിപക്ഷ എംഎല്‍എ രംഗത്തെത്തിയപ്പോള്‍ അതിനെ തിരുത്താന്‍ തയ്യാറാവാതെ അയാള്‍ക്ക് പിന്തുണയും പിന്‍ബലവും നല്‍കുകയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ ചെയ്തത്.
ദുരിതാശ്വാസനിധിയുടെ കണക്കുകള്‍ സര്‍ക്കാര്‍ കൃത്യമായി സൂക്ഷിക്കുന്നതാണെന്നും മുന്‍കാലങ്ങളിലെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴും അതിന്റെ വിനിയോഗമെന്നും ഉള്ള കാര്യങ്ങള്‍ മറച്ചു പിടിച്ചുകൊണ്ടാണ് യുഡിഎഫ് ആക്ഷേപ ശരങ്ങളുമായെത്തിയത്. കേന്ദ്രത്തിന്റെ അവഗണനയുടെ കാര്യം ഒന്ന് ഉറക്കെപ്പറയാന്‍ പോലും അവര്‍ തയ്യാറാവാതിരുന്നതിന്റെ അര്‍ത്ഥം പിടികിട്ടുന്നേയില്ല. ആരോഗ്യം ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആരോഗ്യം മൗലിക അവകാശമാണെന്നും പറയുന്നത്. ജനങ്ങളുടെ ആരോഗ്യ നിലവാരം ഉയര്‍ത്താന്‍ ഉതകുന്ന നയങ്ങളും പരിപാടികളും ഉണ്ടാവണം. പ്രതീകാത്മകപ്രവര്‍ത്തനങ്ങളും പ്രകടനപരതയുമല്ല നാടിനിപ്പോള്‍വേണ്ടത്. സ്വന്തം ജനതയെ കൈവിടാതെ ക്രിയാത്മകമായ ഇടപെടലുകള്‍ തീര്‍ക്കുന്ന ഭരണകൂടത്തെയാണ് ജനം കാത്തിരുന്നത്. അതാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. ദുരിതവും ദുരന്തവും ചുറ്റിലും നിറയുമ്പോള്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും സാന്ത്വനവും ശക്തിയും പകര്‍ന്നു നല്‍കുന്ന ഭരണകൂടത്തെയാണ് ജനങ്ങള്‍ക്കു വേണ്ടത്. അത്തരമൊരു പ്രവര്‍ത്തനം കേരളസര്‍ക്കാര്‍ കാഴ്ചവെക്കുമ്പോള്‍ യുഡിഎഫിനും ബിജെപിക്കും ഉറക്കം നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. എതിര്‍പ്പുകളുമായി രംഗത്തിറങ്ങാനാണ് ഈ മഹാമാരിക്കാലത്തെല്ലാം പ്രതിപക്ഷനേതാവടക്കമുള്ളവരും ബിജെപി നേതാക്കന്‍മാരും പരിശ്രമിച്ചത്. ദുരന്തസമയത്ത് ഫ്രലപ്രദമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിനൊപ്പം നില്‍ക്കുക എന്നാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നാണ്. അതാണ് കേരളത്തിനുവേണ്ടത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. പക്ഷേ ആരു മരിച്ചാലും സര്‍ക്കാരിന്റെ കണ്ണീരുകണ്ടാല്‍ മതിയെന്ന ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനും ബിജെപിക്കുമുള്ളത്.
കോവിഡ് 19 നേക്കാള്‍ മാരകമായ ചിന്താഗതി സ്വീകരിക്കുന്ന ഇത്തരക്കാരെ കൈയ്യൊഴിയാന്‍ കേരളം തയ്യാറാവുക തന്നെ ചെയ്യും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമ്പോള്‍ അത് രാഷ്ട്രീയമായി തങ്ങള്‍ക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ തയ്യാറാവാത്തതിനാല്‍ ജനം കൈയ്യൊഴിയുമെന്ന ബോധ്യമാണ് ദുരന്ത കാലത്ത് സര്‍ക്കാരിനെതിരെ നിലപാടെടുക്കാന്‍ പ്രതിപക്ഷത്തേയും ബിജെപിയേയും പ്രേരിപ്പിക്കുന്നതെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്നുണ്ട്. ഈ മഹാമാരിക്കാലത്തെങ്കിലും ഇത്തരം അസംബന്ധ നാടകങ്ങള്‍ നടത്തി അപഹാസ്യരാകാതിരിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. ഒരിക്കലും നന്മ ലഭിക്കാത്ത നസ്രേത്താണ് തങ്ങളെന്ന് യുഡിഎഫും ബിജെപിയും വീണ്ടും തെളിയിക്കുകയാണ്. അവരുടെ നിലപാടുകള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉതകുന്നതേയല്ല.