സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കുതിച്ചുയരുമ്പോള്‍ സംസ്ഥാനത്തെ കീം പരീക്ഷാ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം. 'ആരില്‍ നിന്നും രോഗം പകരാ'മെന്ന് ബ്രെയ്ക്ക് ദ ചെയിന്‍ ക്യാംപയിനിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തിലായിരിക്കെയാണ് ഗുരുതര വീഴ്ച. മാതാപിതാക്കളും കുട്ടികളും കൂട്ടം കൂടിയതിന്റെ ആശങ്കപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമായി 336 കേന്ദ്രങ്ങളിയാലായാണ് വ്യാഴാഴ്ച കീം നടന്നത്. കേരള എന്‍ജിനീയറിംഗ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ളതായിരുന്നു പരീക്ഷ. അപേക്ഷിച്ചവരില്‍ 85 ശതമാനം പേര്‍ പരീക്ഷയെഴുതിയെന്നാണ് സര്‍ക്കാര്‍ കണക്ക്. പരീക്ഷാ മുറിയില്‍ സാമൂഹ്യ അകലം പാലിക്കപ്പെട്ടെങ്കിലും പുറത്ത് അത് കാറ്റില്‍പ്പറത്തപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പമെത്തിയ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം പുറത്ത് കൂട്ടംകൂടി നിന്നു. പരീക്ഷ തുടങ്ങുന്നതിന് മുന്‍പും കഴിഞ്ഞയുടനെയും ഇവര്‍ തിങ്ങി തിരക്കുകൂട്ടി. എന്‍ട്രന്‍സ് പരീക്ഷ മാറ്റിവെയ്ക്കണമെന്ന് നേരത്തേ വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മുന്‍നിശ്ചയ പ്രകാരം പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷ വിജയകരമായി പൂര്‍ത്തീകരിക്കാനായതിന്റെ ആത്മവിശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. എന്നാല്‍ പരീക്ഷാ കേന്ദ്രങ്ങളുടെ കോമ്പൗണ്ടിലും പുറത്തും സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മതിയായ നിരീക്ഷണ സംവിധാനമോ ക്രമീകരണങ്ങളോ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ദിനംപ്രതി മുന്നൂറിലേറെ പുതിയ കൊവിഡ് കേസുകള്‍ തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പൂന്തുറയിലെ സൂപ്പര്‍ സ്‌പ്രെഡിന്റെയും രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിലെ രോഗ വ്യാപനത്തിന്റെയും അനുഭവങ്ങള്‍ മുന്നില്‍ നില്‍ക്കെ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തപ്പെട്ടു. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കോമ്പൗണ്ടിലും പുറത്തുമായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിനാളുകള്‍ കൂടി നില്‍ക്കുന്നതാണ് പുറത്തുവന്നതില്‍ ഏറെ ആശങ്ക ജനിപ്പിക്കുന്ന ചിത്രം. വിന്യസിക്കപ്പെട്ട പൊലീസുകാര്‍ കാഴ്ചക്കാരായെന്നും ചിത്രത്തില്‍ വ്യക്തമാണ്. വിഷയത്തില്‍ സര്‍ക്കാര്‍ വീഴ്ചയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ശാരീരിക അകലമോ സുരക്ഷാ മാനദണ്ഡങ്ങളൊ ഇല്ലാതെ എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയത് ആശങ്കയുണ്ടാകുന്നു. ദിവസേന 300 ലേറെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. പൊതുഗതാഗതം പോലും പുന:സ്ഥാപിച്ചിട്ടില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്ക് സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള കാത്തിരിപ്പ് സൗകര്യമെങ്കിലും ഒരുക്കാതിരുന്നത് മനുഷ്യജീവന്‍ വെച്ചു പന്താടുന്നതിനു തുല്യമല്ലേ? കോവിഡ് 19 സമൂഹവ്യാപനത്തിന്റെ വക്കിലെത്തിയെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ എരിതീയില്‍ എണ്ണ പകരുകയാണ്. അമിത ആത്മവിശ്വാസവും ലാഘവത്തോടെയുള്ള നടപടികളും നിസ്സാരമായി കാണാനാവില്ല.
SSLCയുടെ കാര്യക്ഷമതയുണ്ടായില്ലെന്ന് ഐഎംഎ
സാമൂഹ്യ അകലം ലംഘിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് ഐഎംഎ വൈസ് പ്രസിഡന്റ് ഡോ.സുള്‍ഫി നൂഹു ദ ക്യുവിനോട് പറഞ്ഞു ആളുകളുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി. കൊവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു. പരീക്ഷാ ഹോളിലും പുറത്തും പാലിക്കേണ്ട കാര്യങ്ങള്‍ ഐഎംഎ നിര്‍ദേശിച്ചിരുന്നു. നിയന്ത്രണങ്ങള്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ട സംവിധാനങ്ങളുടെ കാര്യക്ഷമമായുള്ള ഇടപെടലുമുണ്ടായില്ല. എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിലുണ്ടായ കാര്യക്ഷമത ഇവിടെയുണ്ടായില്ല. തീര്‍ച്ചയായും പൊലീസിന് നിരീക്ഷിച്ച് നടപടിയെടുക്കാമായിരുന്നു. അതൊരു പക്ഷേ ഇപ്പോഴത്തെ സംവിധാനങ്ങളെല്ലാം ക്ഷീണിച്ചതുകൊണ്ടാകാം. പൊലീസുകാരും ആരോഗ്യ പ്രവര്‍ത്തകരും ക്ഷീണിച്ചിരിക്കുകയാണ്. ആറ് മാസമായി അവര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് ഓര്‍ക്കണം. അതില്‍ തന്നെ നിരവധി പേര്‍ക്ക് രോഗം വന്നു. നിരവധി പേര്‍ ക്വാറന്റൈനിലാണ്. നമ്മുടെ സിസ്റ്റം മാനേജ് ചെയ്യേണ്ടവര്‍ രോഗികളുടെ എണ്ണം ഉയരുമ്പോള്‍ പലവഴിയിലാണെന്നുള്ളത് കാണണം. എല്ലാം സര്‍ക്കാരിന് ചെയ്യാനാകില്ല. ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി നിയന്ത്രണങ്ങള്‍ പാലിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും ഡോ നൂഹു പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
രോഗവ്യാപനത്തിന്റെ പൂന്തുറ, രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സ് അനുഭവങ്ങള്‍ മറന്നുപോകരുത്. നാളെ അത് എവിടെയും സംഭവിക്കാം. പരീക്ഷ മാറ്റിവെയ്ക്കുകയെന്നത് പ്രായോഗിക മാര്‍ഗമായി തോന്നുന്നുന്നില്ല. മാറ്റിവെച്ചാല്‍ പിന്നെയെപ്പോള്‍ നടത്തുമെന്ന പ്രശ്‌നമുണ്ട്. എസ്.എസ്.എല്‍സി മാറ്റിവെച്ചിരുന്നുവെങ്കില്‍ പ്രയാസമാകുമായിരുന്നു. ഇപ്പോഴൊന്നും നടത്താന്‍ സാധിക്കാത്ത സ്ഥിതിയുണ്ടാകുമായിരുന്നു. പരീക്ഷ മാറ്റണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഓരോ വിദ്യാര്‍ത്ഥിയും ഇരിക്കുന്ന സ്ഥലം പിന്നീട് മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ ക്രമീകരണമടക്കം ഐഎംഎ ആവശ്യപ്പെട്ടിരുന്നു. ഹോളില്‍ ഒരു ബഞ്ച് അകലം വിട്ടായിരിക്കണം ഇരിപ്പിടങ്ങളുടെ ക്രമീകരണമെന്നും പരീക്ഷാ ഹോളിനും അകത്തും പുറത്തും സാമൂഹ്യ അകലം പാലിക്കപ്പെടണമെന്നും നിര്‍ദേശിച്ചിരുന്നു. പരീക്ഷാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉപയോഗിക്കണമെന്നും ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ഫേസ് ഗാര്‍ഡ് ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കിയിരുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയുണ്ടാകണമെന്നും ഡാ. സുള്‍ഫി നൂഹു പറഞ്ഞു.