സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇരുപത്തിനാലുകാരന് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒന്നരവർഷമായി ഒരാൾക്ക് പോലും ഇടമലക്കുടിയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അന്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഇടമലക്കുടിയില്‍ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും വ്ളോഗര്‍ സുജിത് ഭക്തനും സംഘവും എത്തിയിരുന്നു. ഡീന്‍ കുര്യാക്കോസ് എംപിക്കൊപ്പമുള്ള സുജിത് ഭക്തന്റെ ഇടമലക്കുടി യാത്ര വലിയ വിവാദമായിരുന്നു. ഒരു കൊവിഡ് കേസുപോലുമില്ലാത്ത ഇടമലക്കുടിയില്‍ പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കുന്നതില്‍ വിലക്കുള്ള സാഹചര്യത്തിലാണ് സുജിത് ഭക്തന്റെ ഇടമലക്കുടി യാത്ര വിവാദമായത്.
കൊവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം.പി ഉല്ലാസയാത്ര നടത്തിയെന്ന് സിപിഐ ആരോപിച്ചിരുന്നു. ഇടുക്കി എം.പിക്കും വ്‌ളോഗര്‍ സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എഐഎസ്എഫ് പൊലീസിലും പരാതി നല്‍കിയിരുന്നു.മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.