കൊവിഡ് പ്രതിരോധത്തിന് കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് സംശയിക്കുന്നവരും വിദേശത്ത് നിന്ന് എത്തിയവും നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന വിജ്ഞാപനം ആരോഗ്യവകുപ്പ് പുറത്തിറക്കി. വൈറസ് ബാധയുള്ള പ്രദേശങ്ങള്‍ അടച്ചിടാനും ഇവിടേക്കുള്ള വാഹനഗതാഗതം നിരോധിക്കാനും നിരീക്ഷണത്തിലും ചികിത്സയിലുമുള്ളവരെ പാര്‍പ്പിക്കാന്‍ കെട്ടിടം ഏറ്റെടുക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ക്കാണ് ഇതിനുള്ള അധികാരം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ മത, സാംസ്‌കാരിക ആഘോഷങ്ങളും ടൂര്‍ണമെന്റുകളും നിരോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. പൊതുഭരണ വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. മാളുകളും പാര്‍ക്കുകളും ബീച്ചുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ഉത്തരവുണ്ട്.
ഇന്നലെ അര്‍ധരാത്രി മുതലാണ് ഈ ഉത്തരവ് നിലവില്‍ വന്നത്. ഇത് ലംഘിച്ചാല്‍ 44 വകുപ്പ് പ്രകാരം കേസെടുക്കും. ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് മേധാവി എന്നിവര്‍ക്കാണ് ചുമതല. അവശ്യവസ്തുക്കള്‍ പൂഴ്ത്തിവെയ്ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.