രാജ്യം കോവിഡ് പ്രതിസന്ധിയിൽ വലയുന്ന സമയത്ത് എന്തടിസ്ഥാനത്തിലാണ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതെന്ന് സുപ്രീംകോടതി. ദേശീയ പ്രതിസന്ധിയുടെ സമയത്ത് മൂകസാക്ഷിയാകാന്‍ ആകില്ലെന്നും കോടതി പറഞ്ഞു. ഓക്സിജന്റെയും വാക്സിന്റെയും ലഭ്യത ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ കൈക്കൊണ്ട നടപടികൾ അറിയിക്കണമെന്നും കോടതി പറഞ്ഞു.
ഒരേ വാക്സീന് രാജ്യത്ത് മൂന്ന് വില എന്ന നയമാണ് നിലവിലുള്ളത്. സംസ്ഥാന സർക്കാരുകൾക്ക് കൊവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസൊന്നിന് 600 രൂപയുമാണ് പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില. ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപ നിരക്കിലാണ് നൽകുന്നത്. സ്വകാര്യ ആശുപത്രികൾക്ക് ഇത് 1200 രൂപ വരെയും, കയറ്റുമതി ചെയ്യുന്ന ഡോസിന് 15 മുതൽ 20 വരെ ഡോളറുമാണ് വില.
ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു അന്താരാഷ്ട്ര വിലയേക്കാൾ കൂടിയ വിലക്കാണ് വാക്സിനുകൾ കമ്പനികൾ വിൽക്കുന്നത്.