കൊവിഡ് കാലത്ത് അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന ചില മാധ്യമങ്ങളെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെത്തിച്ചില്ലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വിമര്‍ശനമുയര്‍ന്നിരുന്നു. അനാവശ്യമായ പരിഭ്രാന്തി ഇളക്കി വിട്ട് മറ്റൊരു തമിഴ്‌നാട് മോഡല്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഈ വിഷ ജന്തുക്കളുടെ ശ്രമമെന്നും മാധ്യമങ്ങളെ വിമര്‍ശിച്ച് ബെന്യാമിന്‍
ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
എന്റെ വളരെ അടുത്ത ഒരു ബന്ധു ഒരു യൂറോപ്യന്‍ രാജ്യത്ത് നേഴ്‌സ് ആണ്. അവരുടെ ആശുപത്രിയില്‍ അവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഒഴികെ ബാക്കി മുഴുവന്‍ സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചു. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കാന്‍ പറഞ്ഞു. ഇനി ജോലിക്ക് ചെല്ലാന്‍ കഴിയുന്നവര്‍ക്ക് ജോലിക്കും ചെല്ലാം. അവര്‍ക്ക് മറ്റ് കോവിഡ് രോഗികളെ നോക്കാമല്ലോ. (അമേരിക്കയിലും അങ്ങനെയാണ് നേഴ്‌സുമാര്‍ക്കുള്ള നിര്‍ദ്ദേശം ) ഇവരുടെ ആശുപത്രിയിലെ നേഴ്സുമാര്‍ 14 ദിവസം വീട്ടില്‍ ഇരുന്ന ശേഷം പിന്നീട് ഒരു ടെസ്റ്റുപോലും നടത്താതെ ജോലിയില്‍ തിരികെ പ്രവേശിച്ചു. (മരണം വിതച്ച ഇറ്റലിയിലോ സ്‌പെയ്‌നിലോ അല്ല, രോഗത്തെ കാര്യമായി തടഞ്ഞു നിറുത്തിയ ഒരു രാജ്യത്തെ കഥയാണ് )
അവരുടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് വന്നു. അതില്‍ ഒരു രോഗി തന്നെയാണ് ആവശ്യവസ്തുക്കള്‍ വാങ്ങാന്‍ പുറത്തു പോകുന്നത്. (മാസ്‌ക് ധരിച്ച് ) ആര്‍ക്കും ഒരു പരാതിയും ഇല്ല. ഇപ്പോള്‍ പോലും യൂറോപ്പ് ഇത്രയും ഗൗരവമേ ഈ രോഗത്തിന് നല്‍കിയിട്ടൂള്ളൂ.
ആ സമയത്ത് ഇത്രയും ശ്രദ്ധാപൂര്‍വ്വം ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് എന്താണ് നമ്മുടെ മാധ്യമങ്ങള്‍ ഇവിടെ കാട്ടിക്കൂട്ടുന്നത്? ഒരു രോഗി 20 മിനുട്ട് വീട്ടില്‍ ഇരുന്നു അത്രേ.
അനാവശ്യമായ പരിഭ്രാന്തി ഇളക്കി വിട്ട് മറ്റൊരു തമിഴ്‌നാട് മോഡല്‍ സൃഷ്ടിക്കാന്‍ കഴിയുമോ എന്നാണ് ഈ വിഷ ജന്തുക്കളുടെ ശ്രമം.
കോവിഡിനെ നമ്മള്‍ അതിജീവിക്കും. പക്ഷെ ഈ വിഷജീവികള്‍.. വളരെ സൂക്ഷിക്കണം.