കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അടച്ച പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉല്ലാസയാത്രയില്‍. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതയും നിയന്ത്രണങ്ങളും തുടരുമ്പോഴാണ് ഗവര്‍ണറുടെയും സംഘത്തിന്റെയും ഉല്ലാസ യാത്ര. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൊന്‍മുടിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സഞ്ചാരികള്‍ക്ക് സര്‍ക്കാര്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് ഗവര്‍ണറുടെയും സംഘത്തിന്റെയും യാത്ര.
ഡോക്ടറും പൊലീസ് സംഘവും ഗവര്‍ണര്‍ക്ക് അകമ്പടിയായുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഭാര്യയും രാജ്ഭവനിലെ നാല് ജീവനക്കാരും അദ്ദേഹത്തോടൊപ്പമുണ്ട്. കെടിഡിസിയിലും പൊന്‍മുടി ഗസ്റ്റ് ഹൗസിലുമായാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്. സംഘം മൂന്ന് ദിവസം ഇവിടെ തങ്ങുമെന്നാണ് വിവരം. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഏവരും കൃത്യമായി പാലിക്കണമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചതിന്. ഇതിന് പിന്നാലെയാണ് യാത്ര.
ജനങ്ങള്‍ അടിയന്തരമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അത്തരത്തില്‍ ജാഗ്രത തുടരുമ്പോഴാണ് ജീവനക്കാരും പൊലീസും അടങ്ങുന്ന സംഘത്തോടൊപ്പം ഗവര്‍ണര്‍ പൊന്‍മുടിയിലെത്തിയിരിക്കുന്നത്. അപ്പര്‍ സാനിറ്റോറിയത്തിലെത്തിയ ഗവര്‍ണറെയും ഭാര്യ രേഷ്മ ആരിഫിനെയും കെടിഡിസി മാനേജിംഗ് ഡറക്ടര്‍ കൃഷ്ണതേജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഘം മടങ്ങുക. ഇതിനിടെ ട്രക്കിംഗ് അടക്കം ക്രമീകരിച്ചിട്ടുണ്ട്. വിതുര സിഐ ശ്രീജിത്തിനാണ് സുരക്ഷാ ചുമതല.