കൊവിഡ്19 സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചവരെ കണ്ടെത്തി. യാത്രക്കാരുടെ വിവരങ്ങളെല്ലാം ലഭിച്ചു കഴിഞ്ഞതായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ഇവര്‍ക്കെല്ലാം സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കി. ഓരോ ജില്ലക്കാരായ യാത്രക്കാരുടെയും വിവരങ്ങള്‍ അതാത് ജില്ലക്ക് കൈമാറും. 182 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഫെബ്രുവരി 29 ന് രാവിലെ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായവര്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചു. വിമാനത്താവളത്തില്‍ മറ്റെന്തെങ്കിലും ആവശ്യത്തിന് എത്തിയവരും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കണം. ദിശ 1056 എന്ന നമ്പറില്‍ വിളിച്ചാല്‍ ഡോക്ടറുമായി സംസാരിച്ച് സംശയങ്ങള്‍ തീര്‍ക്കാം.
എറണാകുളം ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി കളക്ടര്‍ അടിയന്തിര യോഗം ചേര്‍ന്നു.
ഫെബ്രുവരി 29 ന് രാവിലെ 8.30 ന് ദോഹ - കൊച്ചി വിമാനത്തിലാണ് പത്തനംതിട്ട സ്വദേശികള്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ഇറ്റലിയില്‍ നിന്നുമാണ് ഇവര്‍ കേരളത്തിലേക്കു വന്നത്. ഇവിടെ നിന്നും സ്വന്തം വാഹനത്തില്‍ പത്തനം തിട്ടയിലേക്ക് പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.