ചൈനയിലുള്ള ഇന്ത്യക്കാരിക്ക് കൊറോണ വൈറസ് ബാധ. ഷെന്‍സെനിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധ്യാപികയായ പ്രീതി മഹേശ്വരിയെന്ന 45 കാരിയിലാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ശാരീരികാസ്വാസ്ഥ്യങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രീതി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ്. രോഗം സ്ഥിരീകരിച്ചതായും അടിയന്തര ചികിത്സ ലഭ്യമാക്കിയതായും പ്രീതിയുടെ ഭര്‍ത്താവ് അഷുമാന്‍ ഖോവല്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ ആദ്യ വിദേശിയാണ് പ്രീതി.
ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വുഹാനിലുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് പ്രീതിയുടെ ചികിത്സ തുടരുന്നത്. ഭര്‍ത്താവിന് മാത്രമാണ് നിലവില്‍ പ്രീതിയെ കാണാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച ബിസിനസുകാരനാണ് ഭര്‍ത്താവ് അഷുമാന്‍ ഖോവല്‍.
വ്യവസായ നഗരങ്ങളായ വുഹാന്‍, ഷെന്‍സെന്‍ എന്നിവിടങ്ങളിലാണ് കൊറോണ വൈറസ് പടര്‍ന്നിരിക്കുന്നത്. കൊറോണ ബാധ മൂലം മൂന്ന് പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. 62 പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേരെ ചികിത്സിച്ച് ഭേദമാക്കി. പടര്‍ന്നുപിടിച്ച ന്യുമോണിയയുടെ കാരണം അന്വേഷിച്ചപ്പോഴായിരുന്നു കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന വൈറസിന്റെ പുതിയ രൂപമാണ് കൊറോണയെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
2012 ല്‍ സൗദിയിലാണ് ആദ്യമായി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ സൗദിയില്‍ നിരവധി പേര്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. വൈറസ് ബാധ വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിദഗ്ദാഭിപ്രായം. രോഗികളുമായി ഇടപഴകുന്നത് രോഗം പടരുന്നതിനു കാരണമാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം, സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം എന്നീ രോഗാവസ്ഥകള്‍ക്കും കൊറോണ വൈറസ് കാരണമാകും.2003ല്‍ ചൈനയിലും ഹോങ്കോങ്ങിലും വ്യാപകമായി പടര്‍ന്നുപിടിച്ച 'സാര്‍സ്' എന്ന രോഗാവസ്ഥയ്ക്ക് തുല്യമാണ് കൊറോണ വൈറസ് ബാധ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 650 ന് മേലെ രോഗികളാണ് സാര്‍സ് ബാധിച്ച് മരിച്ചിരുന്നത്. സാര്‍സ് ബാധയുമായി കൊറോണ വൈറസിന് സാമ്യമുളളതിനാല്‍ ചൈനയിലെ പ്രധാന മേഖലകളെല്ലാം അതീവ ജാഗ്രതയിലാണ്.