രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും അപകടത്തിലെന്ന് മുന്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി സമാധാന മാര്‍ച്ചില്‍ സംസാരിക്കവെയായിരുന്നു യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം. സാമുദായിക വിഭജനം സൃഷ്ടിച്ച് മഹാത്മാ ഗാന്ധിയെ 'വീണ്ടും കൊല്ലരുതെ'ന്നും യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.
രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും അപകടത്തിലായതിനാലാണ് ഇത്തരമൊരു സമാധാന മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാജ്യത്ത് വലിയ അസ്വസ്ഥത നിലനില്‍ക്കുന്നു. എല്ലായിടത്തും പ്രതിഷേധമാണ്. പരസ്പര വിദ്വേഷം വളരുകയാണ്. ഇത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങളുടെ പ്രശ്‌നമെന്താണെന്ന് സര്‍ക്കാര്‍ കേള്‍ക്കണമെന്നും അത് അവരുടെ അവകാശമാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ജനുവരി 9ന് മുംബൈയില്‍ നിന്നായിരുന്നു സിന്‍ഹ സമാധാന മാര്‍ച്ച് ആരംഭിച്ചത്. ജനുവരി 30ന് മാര്‍ച്ച് ഡല്‍ഹിയില്‍ അവസാനിക്കും. എന്‍സിപി നേതാവ് ശരത് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ സമാധാന മാര്‍ച്ചിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.