കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേ ദിവസമാണ് മന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍.ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല തിങ്കളാഴ്ച രാത്രി പറഞ്ഞിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് സര്‍വകലാശാല നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞു.സി.പി.ഐ.എം നേതാവിന്റെ ബന്ധുക്കള്‍ക്ക് മാത്രം യൂണിവേഴ്‌സിറ്റികളില്‍ ജോലി ലഭിക്കുന്നുള്ളുവെന്നും ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യോഗ്യതയുള്ളവര്‍ ഇത്തരം പോസ്റ്റുകളിലേക്ക് അപേക്ഷിക്കാന്‍ പോലും തയ്യാറാവാറില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗവര്‍ണര്‍മാര്‍ക്ക് യൂണിവേഴ്സിറ്റി ചാന്‍സലര്‍ പദവി വേണ്ടെന്ന് കാണിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച കത്ത് വെച്ചാണ് വിമര്‍ശനങ്ങളെ സി.പി.ഐ.എം പ്രതിരോധിക്കുന്നത്.
മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് 2015ന് ഓഗസ്റ്റ് 26ന് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. ഭരണഘടനാപരമായ ചുമതലയുള്ള ഗവര്‍ണര്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കേണ്ടതില്ല, ചാന്‍സലര്‍ പദവി ഗവര്‍ണര്‍ക്ക് നല്‍കിയ തീരുമാനത്തില്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തണം തുടങ്ങിയ കാര്യങ്ങളായിരുന്നു കത്തിലുള്ളത്.