തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ഒറ്റപ്പേരില്‍ തീരുമാനം ആയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന നേതാക്കളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച നടത്തി. ഒറ്റപ്പേരില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. പേര് ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
'തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ നേതാക്കളുമായി സംസാരിച്ച് ഒരു പൊതു ധാരണയിലെത്തി. ആ പേര് ഇന്ന് എഐസിസിക്ക് സമര്‍പ്പിക്കും. ഒറ്റപ്പേര് മാത്രമാണ് വന്നത്. വേറെ പേരുകളൊന്നും നിര്‍ദേശിക്കപ്പെട്ടിട്ടില്ല. ആ പേര് ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്. അവര്‍ ഇന്ന് തന്നെ പ്രഖ്യാപിക്കും. കെ.പി.സി.സി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്,' കെ. സുധാകരന്‍ പറഞ്ഞു.
ഉമതോമസിന്റെ പേര് ഹൈക്കമാന്‍ഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഉമ തോമസ് തന്നെയായിരിക്കും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുകയെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
പി.ടി. തോമസിന്റെ ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തൃക്കാക്കര വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലമാണ് തൃക്കാക്കരയെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.