15 ലക്ഷം നല്‍കാമെന്ന് ജനങ്ങളെ പറഞ്ഞുപറ്റിച്ചെന്ന് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരെ കോടതിയെ സമീപിച്ച് അഭിഭാഷകന്‍. റാഞ്ചി സ്വദേശിയും ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലെ അഭിഭാഷകനുമായ എച്ച് കെ സിംഗാണ് പരാതി നല്‍കിയത്. വഞ്ചനാകുറ്റം ചൂണ്ടിക്കാട്ടിയാണ് പരാതി. റാഞ്ചി ജില്ലാ കോടതി പ്രസ്തുത ഹര്‍ജിയില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പുറമെ കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയ്ക്കുമെതിരെയാണ് ഹര്‍ജി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 415, 420 വകുപ്പുകള്‍ അനുസരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വഞ്ചന, അവിശ്വസ്തത എന്നീ കുറ്റങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകളാണിത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായതിനാലാണ് പൗരത്വ ഭേദഗതി നിയമം യാഥാര്‍ത്ഥ്യമാക്കിയതെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാദം. അങ്ങനെയെങ്കില്‍ രാജ്യത്തെ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് എച്ച് കെ സിംഗിന്റെ ചോദ്യം. വോട്ടിനുവേണ്ടി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കരുതെന്ന് റപ്രസന്റേഷന്‍ ഓഫ് പീപ്പിള്‍ ആക്ടിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പരിഗണിക്കുന്നത് റാഞ്ചി ജില്ലാ കോടതി മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ഹര്‍ജി പരിഗണിച്ച കോടതി, എന്തുകൊണ്ടാണ് റാഞ്ചി പരിധിയില്‍ ഈ കേസ് ഉന്നയിക്കുന്നതെന്ന് ചോദിച്ചിരുന്നു. 2013-14 കാലത്തെന്ന് പറയപ്പെടുന്ന സംഭവത്തില്‍എന്തുകൊണ്ടാണ് ഇപ്പോള്‍ പരാതിയുമായി വന്നിരിക്കുന്നതെന്നും കോടതി ആരാഞ്ഞിരുന്നു.ബിജെപിയുടെ വ്യാജ വാഗ്ദാനങ്ങളില്‍ ജനം വശംകെട്ടിരിക്കുകയാണെന്നായിരുന്നു സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതികരണം. എന്നാല്‍ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം നല്‍കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് ബിജെപിയുടെ മറുപടി.