പിഎച്ച്ഡി പ്രവേശനത്തില്‍ സംവരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല. മലയാള വിഭാഗത്തിലെ പിഎച്ച്ഡി പ്രവേശനത്തിലാണ് ഗുരുതരമായ ചട്ടലംഘനം. നിയമാവലിക്ക് വിരുദ്ധമായി എസ്‌സി/എസ്ടി സംവരണ സീറ്റില്‍, സര്‍വകാലാശാല യൂണിയന്‍ സെക്രട്ടറിയായിരുന്ന വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കിയതാണ് വിവാദമായിരിക്കുന്നത്. 2019- 2020 ലെ പിഎച്ച്ഡി പ്രവേശനത്തിന് മലയാളവിഭാഗത്തില്‍ 10 സീറ്റിലേക്കാണ് ആദ്യം അപേക്ഷ ക്ഷണിച്ചത്. എന്നാല്‍ 16/12/2019 ന് ചേര്‍ന്ന റിസര്‍ച്ച് കമ്മറ്റി, 5 പേരെ കൂടി അധികമായി പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം ധന്യശ്രീ പി.എം, ദിവ്യ. പി.എസ്, ജോബിന്‍ എന്‍ ബി, രേഷ്മ ഹരിദാസ്, വിദ്യ കെ എന്നിവരുടെ പട്ടികയും സമര്‍പ്പിച്ചു. ഇതില്‍ ധന്യശ്രീ, ജോബിന്‍, രേഷ്മ ഹരിദാസ് എന്നിവര്‍ക്ക് മാത്രമാണ് ജെആര്‍എഫ് ഉള്ളത്.
സര്‍വകലാശാല പിഎച്ച്ഡി നിയമാവലിയനുസരിച്ച് സൂപ്പര്‍ ന്യൂമറിയായി പ്രവേശനം നേടുന്ന ഗവേഷകര്‍ ജെആര്‍എഫ്/ ആര്‍ജിഎന്‍എഫ് യോഗ്യത ഉള്ളവരായിരിക്കണം. ഈ ചട്ടം ലംഘിച്ചുകൊണ്ടാണ് മലയാള വിഭാഗം, ജെആര്‍എഫ്/ ആര്‍ജിഎന്‍എഫ് യോഗ്യത നേടാത്ത 2 പേര്‍ക്ക് കൂടി പ്രവേശനം നല്‍കണം എന്ന് സര്‍വകലാശാലയോട് ശുപാര്‍ശ ചെയ്തത്.
അധികമായി 5 പേര്‍ക്ക് അഡ്മിഷന്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ അതില്‍ അഞ്ചാമത്തെയാള്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നുള്ള ആളായിരിക്കണം എന്നും ചട്ടമുണ്ട്. ഇതും കാറ്റില്‍പറത്തിയാണ് അഞ്ചാം പേരുകാരിയായി വിദ്യയെന്ന വിദ്യാര്‍ത്ഥിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ജെആര്‍എഫ് യോഗ്യതയുള്ള 3 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചു. എന്നാല്‍ റിസര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്തതിലെ അഞ്ചാം സ്ഥാനക്കാരി വിദ്യ ഹൈക്കോടതിയെ സമീപിച്ചു. പി.എച്ച്.ഡി പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ തനിക്ക് അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. സംവരണ ചട്ടമനുസരിച്ച് എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട സീറ്റില്‍ അവകാശവാദമുന്നയിച്ചായിരുന്നു കോടതിയെ സമീപിച്ചത്. എന്നാല്‍ വിഷയം നിയമപരമായി തീര്‍പ്പാക്കണമെന്ന് കോടതി സര്‍വകലാശാലയോട് നിര്‍ദ്ദേശിച്ചു. പക്ഷേ കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്ത് ഈ വിദ്യാര്‍ത്ഥിക്ക് പ്രവേശനം നല്‍കാനാണ് സര്‍വകലാശാല തീരുമാനിച്ചത്.
എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥിയുടെ സീറ്റില്‍ വിദ്യയ്ക്ക് പ്രവേശനം നല്‍കിയതിനെ ഡെമോക്രാറ്റിക് ദളിത് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് ചോദ്യം ചെയ്തു. വൈസ് ചാന്‍സലറെ നേരില്‍കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ യാതൊരു നടപടിയും കൈക്കൊള്ളാന്‍ വിസി തയ്യാറായില്ല. പ്രശ്‌നം പരിഹരിക്കാന്‍ കോടതി പറഞ്ഞാല്‍ പിന്നെ സംവരണ ചട്ടമൊന്നും നേക്കേണ്ടതില്ലെന്നായിരുന്നു പ്രതികരണം. മാനദണ്ഡങ്ങള്‍ നോക്കാതെ അധ്യാപക നിയമനം നടത്തിയിട്ടുണ്ടെന്ന ന്യായീകരണവും വിസിയില്‍ നിന്നുണ്ടായി. റിസര്‍വേഷന്‍ പാലിക്കാന്‍ മറന്നുപോയെന്ന അപഹാസ്യമായ മറുപടിയാണ് സര്‍വകലാശാലയുടേതെന്ന് അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ കോര്‍ഡിനേറ്റര്‍ ദിനു വെയില്‍ ദ ക്യുവിനോട് പറഞ്ഞു.
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍. സംവരണം പാലിക്കാന്‍ മറന്നുപോകുന്നത് സാമൂഹ്യ കുറ്റകൃത്യമായി കാണേണ്ടതുണ്ട്. ഇത്രയേറെ പ്രഗത്ഭരുള്ള സമിതി അത് മറന്നെങ്കില്‍ സര്‍വകലാശാലയ്ക്ക് തിരുത്താമായിരുന്നു. അത് തിരുത്തിയില്ലെന്നത് ഇതിലെ ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്.
കൃത്യമായ സ്വജന പക്ഷപാതമാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ രാജ്ഭവന്‍ സര്‍വകലാശലയോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് അറിയുന്നത്. അംബേദ്കര്‍ സ്റ്റഡി സര്‍ക്കിള്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ദിനു വ്യക്തമാക്കി. കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് പിന്നിലെന്നും ദിനു വിശദീകരിക്കുന്നു. വിദ്യാര്‍ത്ഥി ആരെന്ന് നോക്കാതെയാണ് പ്രവേശനം നല്‍കിയതെന്ന വാദം കളവാണ്. യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറിയായിരുന്ന വിദ്യാര്‍ത്ഥിയെ അറിയാതിരിക്കുന്നതെങ്ങനെയെന്ന് ദിനു ചോദിച്ചു. പ്രസ്തുത വിഷയത്തില്‍ വിവരാവകാശ നിയമപ്രകാരം വിശദാംശങ്ങള്‍ തേടിയപ്പോള്‍ 20 ദിവസത്തിന് ശേഷമാണ് ദിനുവിന് മറുപടി ലഭിച്ചത്. എന്നാല്‍ പ്രസ്തുത വിദ്യാര്‍ത്ഥി 27.12.2019 ന് സര്‍വകലാശാലയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പിറ്റേന്നുതന്നെ മറുപടി കൊടുത്തു. വിദ്യയ്ക്ക് അന്നുതന്നെ മറുപടി നല്‍കണമെന്ന് വൈസ് ചാന്‍സലറുടെ ഓഫീസില്‍ നിന്നും അക്കാദമിക് (എ) സെക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. വിവരാവകാശ നിയമപ്രകാരം വിദ്യാര്‍ത്ഥിക്ക് മറുപടി വേഗത്തില്‍ ലഭിക്കുവാന്‍ വിസിയുടെ ഓഫീസ് നേരിട്ട് നിര്‍ദേശം നല്‍കിയതില്‍ നിന്ന് പ്രസ്തുത വിദ്യാര്‍ത്ഥിയോടുള്ള അധികൃതരുടെ പ്രത്യേക താത്പര്യം വ്യക്തമാണെന്നും ദിനു ദ ക്യുവിനോട് പറഞ്ഞു.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം