Around us

നിയമനങ്ങൾ ചട്ടവിരുദ്ധമാണെങ്കിൽ പ്രാഥമിക ഉത്തരവാദിത്വം ഗവർണർക്ക് ജുഡീഷ്യറിയിൽ പോലും കൈകടത്തുന്നു

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് ഈ ഒൻപത് സർവ്വകലാശാലകളിലും വിസി നിയമനങ്ങൾ നടന്നതെന്നാണ് ഗവർണർ പറയുന്നത്. ഒൻപത് സർവ്വകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവർണർക്ക്‌ തന്നെയല്ലേ. ഗവർണർക്കെതിരെ മുഖ്യമന്ത്രി.

രാജ്യത്ത് ഭരണഘടനയും നിയമങ്ങളും കീഴ് വഴക്കങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നത്. അതിന് വിരുദ്ധമായ പ്രവണത ഉയരുമ്പോൾ സ്വാഭാവികമായും പ്രതികരണങ്ങൾ ഉണ്ടാവും. ഇപ്പോൾ കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നതിലൂടെ നിയമവും നീതിയും നിഷ്കർഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാൻസലർ കൂടിയായ ഗവർണ്ണർ മറക്കുകയാണ്.

അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സർവകലാശാലകളിലെ വൈസ് ചാൻസലമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു എന്ന് ഗവർണർ ട്വീറ്റ് ചെയ്തത്. ഇതിനർത്ഥം ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ചാൻസലർ പദവി ദുരുപയോഗീക്കപ്പെടുന്നു എന്നാണ്. അതിന് ശ്രീ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നു എന്നാണ് ഇത് കാണിക്കുന്നത്. അത് ഭരണഘടനാവിരുദ്ധവും ജനാധിപത്യത്തിൻ്റെ അന്ത:സത്തെയെ നിരാകരിക്കുന്നതുമായ രീതിയാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെയും അക്കാദമികമായി സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെയും അധികാരത്തിലുള്ള കടന്നുകയറ്റമാണത്.

ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും ഇത്തരം അമിതാധികാര പ്രവണതകൾ അംഗീകരിച്ചു കൊടുക്കാനാവില്ല. ഗവർണർ പദവി സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനോ സർക്കാരിനെതിരായ നീക്കം നടത്താനോ ഉള്ളതല്ല. ഭരണഘടന ഗവർണർക്ക് നൽകുന്ന അധികാരങ്ങളും ചുമതലകളും സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും ഭരണഘടനയുടെയും അന്തസ്സ് കാത്തു സൂക്ഷിക്കാനുള്ളതാണ്.

കെടിയു വൈസ് ചാൻസലർ നിയമനം സംബന്ധിച്ച കോടതി വിധിയുടെ മറപിടിച്ചാണ് ഒൻപത് വൈസ് ചാൻസലർമാരോട് ഏകപക്ഷീയമായി രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. അക്കാദമിക മികവിൻ്റെ ഉയരങ്ങളിലേക്ക് മുന്നേറുന്ന കേരളത്തിലെ സർവ്വകലാശാലകൾക്ക് നേരെ നശീകരണ ബുദ്ധിയോടെ യുദ്ധം നടത്തുകയാണ്. എന്തിനു വേണ്ടിയാണ് ഈ ആക്രമണം? രാഷ്ട്രീയ ലക്ഷ്യങ്ങൾ അല്ലാതെ മറ്റെന്താണ് ഇതിനു പിന്നിൽ?

യുജിസി ചട്ടങ്ങൾ പാലിക്കാതെയാണ് ഈ ഒൻപത് സർവ്വകലാശാലകളിലും വിസി നിയമനങ്ങൾ നടന്നതെന്നാണ് ഗവർണർ പറയുന്നത്. ഒൻപത് സർവ്വകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. വിസി നിയമനങ്ങൾ ചട്ടവിരുദ്ധമായാണ് നടന്നതെങ്കിൽ അതിന്റെ പ്രാഥമിക ഉത്തരവാദിത്വം നിയമനാധികാരിയായ ഗവർണർക്ക്‌ തന്നെയല്ലേ. ഗവർണറുടെ തന്നെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ? അതും ആലോചിക്കുന്നത് നന്നാണ്.

കെടിയു വൈസ് ചാൻസലർക്ക് അക്കാദമിക് യോഗ്യതയില്ലെന്ന് സുപ്രീം കോടതി വിധിയിൽ പറഞ്ഞിട്ടില്ല. നടപടിക്രമം സംബന്ധിച്ച ഒരു പ്രശ്നം മാത്രമാണ് കോടതി പറഞ്ഞിരിക്കുന്നത്. അതിൽ തന്നെ ഹൈക്കോടതിയിലെ തർക്ക വിഷയമായിരുന്നില്ല ഈ കേസിൽ സുപ്രീം കോടതി പരിഗണിച്ചത്. ആ വിധിയിൽ പുനഃ പരിശോധനാ ഹർജി നൽകാൻ ഇനിയും അവസരവുമുണ്ട്. എന്നാൽ, സംസ്‌ഥാനത്തെ സർവ്വകലാശാലാഭരണത്തെയാകെ അസ്‌ഥിരപ്പെടുത്താൻ ഈ സാഹചര്യത്തെ ഉപയോഗിക്കുകയാണ് ചാൻസലർ. ഉന്നതവിദ്യാഭ്യാസ രംഗത്തെ ഈ ഇടപെടലിൽ സ്വാഭാവിക നീതിയുടെ ലംഘനമുണ്ട്. വൈസ് ചാൻസലർമാരുടെ വാദം പോലും കേൾക്കാതെയാണ് ചാൻസലറുടെ ഭാഗത്തു നിന്നുള്ള ഏകപക്ഷീയമായ നീക്കം.

സേർച്ച്‌ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം, അവർ നൽകുന്ന പാനലിലെ പേരുകളുടെ എണ്ണം ഇവയൊക്കെ അതാത് സർവ്വകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ പറയുന്നതുപോലെയാണ് രാജ്യത്തെല്ലായിടത്തും നടക്കുന്നത്. പല സംസ്‌ഥാനങ്ങളിലും ഗവണ്മെന്റിന്റെ പ്രതിനിധികൾ ️വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരിക്കും. മഹാരാഷ്ട്രയിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇൻ ചാർജ് സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ അംഗമാണ്. കർണ്ണാടകയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള നാലംഗ സേർച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് ഗവണ്മെന്റാണ്.

ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണത്.

സേർച്ച്‌ കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും രാജ്യത്തെ സർവ്വകലാശാലകളിൽ വ്യത്യസ്ത രീതി നിലനിൽക്കുന്നു. 3 മുതൽ 7 വരെ അംഗങ്ങളുള്ള സേർച്ച്‌ കമ്മിറ്റികളാണ് രാജ്യത്തെ വിവിധ സർവ്വകലാശാലകളിലെ വിസി നിയമനത്തിനായി രൂപീകരിക്കപ്പെടുന്നത്. വിവിധ യൂണിവേഴ്സിറ്റികളിൽ വിവിധ രീതിയിലാണ് സേർച്ച്‌ കമ്മിറ്റിയിലേക്കുള്ള നോമിനേഷൻ നടക്കുന്നത്. വിസിറ്റർ/ചാൻസലർ, യു ജി സി, സംസ്‌ഥാന ഗവണ്മെന്റ്, സെനറ്റ്, സിൻഡിക്കേറ്റ്, എക്‌സിക്യുട്ടീവ് കൗൺസിൽ, അക്കാദമിക് കൗൺസിൽ എന്നീ ബോഡികളുടെ പ്രതിനിധികൾ കൂടാതെ ഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് അല്ലെങ്കിൽ ഇവരുടെ പ്രതിനിധി, സംസ്‌ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ പ്രതിനിധി തുടങ്ങിയവരാണ് സേർച്ച്‌ കമ്മിറ്റിയിൽ ഇടം പിടിക്കുക.

1973 ലെ യുപി യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം അല്ലഹാബാദ് ഹൈകോടതി ജഡ്ജിയോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസ് തന്നെയോ അല്ലെങ്കിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയോ സേർച്ച്‌ കമ്മിറ്റിയിൽ അംഗമായിരിക്കും.

മധ്യ പ്രദേശ് നിയമ പ്രകാരം ഹൈ കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ അദ്ദേഹത്തിന്റെ നോമിനി സേർച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഗുജറാത്തിൽ സംസ്‌ഥാനത്തെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരുടെ പ്രതിനിധി/നോമിനി സേർച്ച്‌ കമ്മിറ്റി അംഗമായിരിക്കും. ഇതിന് പുറമേ സിൻഡിക്കേറ്റും അക്കാദമിക് കൗൺസിലും സംയുക്തമായും ഒരു സേർച്ച്‌ കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കും. ഇതൊക്കെ കാണാതെയാണ് കേവല സാങ്കേതികതയിൽ തൂങ്ങി ഒരു സംസ്‌ഥാന ഗവർണർ ഒൻപത് സർവ്വകലാശാലാ വൈസ് ചാൻസലർമാരോട് ഇറങ്ങിപ്പോകാൻ പറയുന്നത്.

ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് കരുതരുത്. ഉത്തരത്തെ പിടിച്ചു നിര്‍ത്തുന്നത് താനാണ് എന്ന് കരുതുന്നതു പോലത്തെ മൗഢ്യമാണത്.

ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ഇത് സാമാന്യ നിയമബോധം ഉള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. അതു മറ്റാർക്കും ബാധകമല്ല. ആ വിസിക്കെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ടു മാത്രമാണ്. പൊതു ഹർജിയാണെങ്കിൽ തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാൽ, ഇക്കാര്യം വ്യത്യസ്തമാണ്.

മറ്റു ഒൻപതു വിസിമാർക്കെതിരെ നിയമപരമായ എന്തെങ്കിലും പ്രശ്നം നിലനിൽക്കുന്നില്ല. ടെക്നോളജി യൂനിവേഴ്സിറ്റി വിസിയ്ക്ക് എതിരെ മാത്രം വന്ന വിധി സർവർക്കും ബാധകമാക്കാൻ സാധിക്കില്ല എന്നതും കൂടി കണക്കിലെടുത്താൽ വിസിമാരുടെ രാജി ആവശ്യപ്പെടുന്നതിനു നിയമപരമായ സാധൂകരണമില്ല.

നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളും ഓർഡിനൻസുകളും ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന കേരള ഗവർണറുടെ നിലപാടിലെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുകയാണ്. 11 ഓർഡിനൻസുകൾ ലാപ്സായി കഴിഞ്ഞു. നിയമസഭ കൂടി പാസാക്കിയ പല ബില്ലുകളും ഒപ്പിടാതെ വെച്ച് നീട്ടുന്നു.

രണ്ടാമതായി, സർവ്വകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നിങ്ങനെ രണ്ട് കാരണങ്ങളാൽ മാത്രമേ ഒരു വിസിയെ നീക്കം ചെയ്യാൻ കഴിയൂ. എന്നാൽ ഈ ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കേണ്ടതുണ്ട്, കുറ്റം തെളിഞ്ഞാൽ മാത്രമേ വിസിയെ നീക്കാൻ കഴിയൂ. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. ഒരു സർവകലാശാലയുടെ ചീഫ് എക്‌സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വിസി. ഒരു വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാൽ വിസിമാരോട് രാജിവെക്കാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാൻ കേരള ഗവർണർക്ക് നിയമപരമായ അധികാരമില്ല.

നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളും ഓർഡിനൻസുകളും ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന കേരള ഗവർണറുടെ നിലപാടിലെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുകയാണ്. 11 ഓർഡിനൻസുകൾ ലാപ്സായി കഴിഞ്ഞു. നിയമസഭ കൂടി പാസാക്കിയ പല ബില്ലുകളും ഒപ്പിടാതെ വെച്ച് നീട്ടുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ താൻകൂടി ഒപ്പുവെച്ചാലേ നിയമമാകൂവെന്നും, ചില നിയമങ്ങളിൽ താൻ ഒപ്പുവെക്കില്ലായെന്നും അദ്ദേഹം നേരത്തെതന്നെ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇത് തന്നിലർപ്പിതമായ ഭരണഘടനാസ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ എന്നതാണ് അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളിൽ ഇപ്പോഴുയരുന്ന സംശയം. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ നിയമസഭയിൽ ഭൂരിപക്ഷത്തോടെ പാസാക്കുന്ന ബില്ലുകൾ ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണ്. ഈ സവിശേഷാധികാരം മറ്റാർക്കുമില്ല. ഗവർണർ അങ്ങനെയല്ല കരുതുന്നത്. തന്നിലർപ്പിതമായ കടമ നിർവഹിക്കാതെ ചില ബില്ലുകൾ ഒപ്പിടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടനയുടെ എല്ലാ മൂല്യങ്ങൾക്കുമെതിരാണ്. ഇത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അവഹേളനവുമാണ്.

മന്ത്രിമാർക്ക് മുകളിൽ തനിക്കുള്ള ‘പ്രീതി’ പിൻവലിക്കും എന്നു പറഞ്ഞുകൊണ്ട് ഗവർണറുടെ പിആർഒ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഗവർണർ മന്ത്രിമാരെ ക്യാബിനറ്റ് പദവിയോടെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാർശയുടെ പുറത്താണ്. കേന്ദ്രതലത്തിൽ ഇത് പ്രധാനമന്ത്രി ചെയ്യുന്നു. നിയമസഭയിൽ ജനങ്ങൾ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷമുള്ള ഒരു കക്ഷിയാണ് അധികാരത്തിലിരിക്കുക. ഇവരുടെ മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അവർ രാജി സമർപ്പിക്കുന്നതും മുഖ്യമന്ത്രിക്ക് തന്നെ. ഇവരുടെ രാജിശുപാർശ ഗവർണർക്ക് കൈമാറുന്നതും മുഖ്യമന്ത്രിയാണ്. കേന്ദ്രതലത്തിൽ ഈ കടമകൾ നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണ്. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചനാധികാരങ്ങളില്ല. ആ ട്വീറ്റിനെച്ചൊല്ലി വിമർശനങ്ങൾ ഉയർന്നപ്പോൾ ‘പ്രീതി’ പിൻവലിച്ചാലും മന്ത്രിമാർക്ക് തൽസ്ഥാനത്ത് തുടരാമെന്ന് പ്രസ്താവനയിറക്കി. ഇത് ‘പ്രീതി’ തത്വം എന്താണെന്നതിനെ കുറിച്ചുള്ള സാമാന്യധാരണകൾക്ക് പോലും അനുസൃതമല്ല.

യുജിസി പ്രകാരമുള്ള അക്കാദമിക് യോഗ്യതകളിൽ ഒന്നിൽ പോലും വെള്ളം ചേർക്കാതെയാണ് ഇതുവരെയുള്ള എല്ലാ വൈസ് ചാൻസലർ നിയമനങ്ങളും സംസ്ഥാനത്ത് നടന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാൻ അനവധി നടപടികൾ സ്വീകരിച്ചു വരുന്നൊരു സർക്കാരാണിത്. മൂന്നു പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടുകൾ ഇപ്പോൾ സർക്കാരിന്റെ സജീവപരിഗണനയിലുണ്ട്. സർവകലാശാലകളിലും മറ്റും ഗുണപരമായ നേട്ടങ്ങളുണ്ടായി വരുന്നുണ്ട്. അതിൽ ചിലതാണ് നാക് അക്രഡിറ്റേഷൻ രംഗത്ത് നമ്മുടെ സർവകലാശാലകൾ ഉണ്ടാക്കിയ റാങ്കിങ് കുതിപ്പുകൾ. നമ്മുടെ സർവകലാശാലകളിലുണ്ടായ പ്രതിഭാശാലികളായ വൈസ് ചാൻസലർമാരുടെ വിജയം കൂടിയാണത്. അവരുടെ പാണ്ഡിത്യത്തെ പറ്റിയോ അനുഭവസമ്പത്തിനെ പറ്റിയോ ആർക്കും ഒരു പരിഭവവും പറയാനുണ്ടാകില്ല. യുജിസി നിയമങ്ങൾക്കനുസൃതമായ വിദഗ്ധരുൾപ്പെട്ട സെലക്ട് കമ്മിറ്റിയാണ് ഇവരെയെല്ലാം തെരഞ്ഞെടുത്തത്. അതിൽ ഒരു നിയമനത്തെ സംബന്ധിച്ച ചില പ്രശ്നങ്ങളാണ് വന്നത്.

കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയത് ഈ രംഗത്തെ നിയമന രീതികളുടെ സാങ്കേതികതകളുമായി ബന്ധപ്പെട്ടുള്ളതാണ്. വിധി സർക്കാർ പഠിച്ചുവരികയാണ്. ഈ വൈസ് ചാൻസലർ അടക്കം എൽഡിഎഫ് സർക്കാർ നിയമിച്ച എല്ലാ വിസിമാരും ഒന്നിനൊന്ന് പ്രഗത്ഭമതികളാണ്.

മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യവും അതിന്റെ മുകളിൽ നികുതി ചുമത്താനുമുള്ള അധികാരവും സംസ്ഥാനങ്ങൾക്കാണ്. സ്വാഭാവികമായും അതിൽ നിന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പല വഴിക്ക് നടന്നു വരുന്നു.

ഇവർ അധികാരത്തിലിരിക്കുന്ന എല്ലാ സർവകലാശാലകളും നന്നായി മുന്നോട്ടുപോകുന്നുമുണ്ട്.

യുജിസി പ്രകാരമുള്ള അക്കാദമിക് യോഗ്യതകളിൽ ഒന്നിൽ പോലും വെള്ളം ചേർക്കാതെയാണ് ഇതുവരെയുള്ള എല്ലാ വൈസ് ചാൻസലർ നിയമനങ്ങളും സംസ്ഥാനത്ത് നടന്നത്. കാര്യങ്ങൾ ഇതായിരിക്കെ, സ്വാഭാവിക നീതിയുടെ തത്വങ്ങൾ പോലും പാലിക്കാതെയാണ് മികവിന്റെ കേന്ദ്രങ്ങളായ ഒൻപത് സർവകലാശാലാ വൈസ് ചാൻസലർമാരെ നീക്കം ചെയ്യാനുള്ള അസാധാരണ നടപടി ചാൻസലർ ആരംഭിച്ചത്. ഒരു വിദ്യാസമ്പന്ന വിജ്ഞാന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാൻ കരുതലോടെ മുന്നോട്ടുപോകുന്ന സംസ്ഥാനമാണിത്. അതിന് തുരങ്കം വെക്കാൻ ശ്രമിക്കുന്ന ക്ഷുദ്രശക്തികൾക്ക് കൂട്ടുനിൽക്കുകയാണ് ഗവർണറുടെ ഈ അസാധാരണ നടപടികൾ എന്ന് ഈ ഘട്ടത്തിൽ പറയാതെ വയ്യ.

കഴിഞ്ഞ ദിവസം ഗവർണർ സംസാരിക്കുന്നതിനിടയിൽ കേരളത്തിലേക്ക് മറ്റ് നിക്ഷേപങ്ങളൊന്നും വരില്ല, മദ്യവും ലോട്ടറിയുമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗങ്ങൾ എന്ന് പരിഹാസരൂപേണ പറയുകയുണ്ടായി. സമൂഹത്തിന് മുന്നിൽ അദ്ദേഹം സ്വയം പരിഹാസ്യനാകരുത്. ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് (ഐസിആർഐഇആർ) ഈയിടെ നടത്തിയ പഠനത്തിൽ കാണിക്കുന്നത് ഇന്ത്യയിൽ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ അഞ്ചിൽ പോലുമില്ല എന്നാണ്. ഇതദ്ദേഹത്തിന് അറിയുമോ എന്നറിയില്ല. കേരളത്തിന്റെ ബജറ്റ് രേഖകൾ നോക്കിയാൽ തന്നെ ഇവിടെ മറ്റു നികുതിവിഭാഗങ്ങൾ എക്സൈസ് നികുതിയേക്കാൾ മുന്നിലാണെന്ന് കാണാം. ഇന്ത്യൻ ഭരണരീതി അനുസരിച്ചു കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷനികുതികൾ ചുമത്താനുള്ള അധികാരമുള്ളൂ. ഇതുപ്രകാരം സംസ്ഥാനങ്ങൾക്ക് പരിമിതമായ നികുതിയധികാരങ്ങളേ നിലവിൽ ഉള്ളു. മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യവും അതിന്റെ മുകളിൽ നികുതി ചുമത്താനുമുള്ള അധികാരവും സംസ്ഥാനങ്ങൾക്കാണ്. സ്വാഭാവികമായും അതിൽ നിന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പല വഴിക്ക് നടന്നു വരുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറും അതിന് കൂട്ടുനിൽക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ഔചിത്യമല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ വർഗീയവാദത്തിന് തീറെഴുതാൻ പലകാരണങ്ങളാൽ താല്പര്യമുണ്ടാവാം. അ ത്തരം നീക്കങ്ങളെ ഇവിടെ ശക്തമായിതന്നെ എതിർക്കും.

കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളെല്ലാം ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നുവെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രംഗം മികച്ചതായതുകൊണ്ടു കൂടിയല്ലേ പുറത്തുള്ള മികവിന്റെ കേന്ദ്രങ്ങളിലും നമ്മുടെ കുട്ടികൾക്ക് അഡ്മിഷൻ കിട്ടുന്നതെന്ന് ആലോചിക്കുന്നില്ല. അല്ലെങ്കിൽ അദ്ദേഹം അത് മറച്ചുവെക്കുന്നു? എന്തുകൊണ്ട് അത്തരമൊരു നിലപാട്?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല ശാക്തീകരിക്കാനുള്ള നടപടികൾ എന്തുകൊണ്ട് അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നില്ല. നല്ല ദിശാബോധത്തോടെയുള്ള ഇടപെടലുകളാണല്ലോ സർക്കാർ ഇക്കാര്യത്തിൽ നടത്തുന്നത്. അത് മറച്ചുവെക്കാൻ എന്തുകൊണ്ട് ഗവർണർ തയ്യാറാകുന്നു ?

സംസ്ഥാന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്ന് അഭിസംബോധന ചെയ്താണ് ഗവർണർ തന്റെ നയപ്രഖ്യാപനപ്രസംഗം ആരംഭിക്കുക.തന്റെ സർക്കാരിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഇകഴ്ത്തിക്കാട്ടാൻ അദ്ദേഹം കാണിക്കുന്ന അമിതതാൽപര്യം, അതിന്റെ മന്ത്രിമാരെ അധിക്ഷേപിക്കുന്നതൊക്കെ ആരെ മുന്നിൽ കണ്ടുകൊണ്ടാണെന്ന് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. അതിന്റെ ഈർഷ്യ മാധ്യമങ്ങളടക്കം എല്ലാവരോടും അദ്ദേഹം അടിക്കടി കാണിക്കാറുണ്ട്. താൻ ചാൻസലർ ആയിട്ടുള്ള, ഉന്നത ഗ്രേഡിങ്ങുകൾ ലഭിച്ച, സർവകലാശാലകൾ നിലവാരമില്ലാത്തതാണെന്ന് പറയുന്നത് ചാൻസലർ എന്ന പദവിക്ക് യോജിച്ചതല്ല. അദ്ദേഹം കൂടി അംഗീകരിച്ചു നിയമിച്ച വൈസ് ചാൻസലർമാരെ രായ്ക്കുരാമാനം തൽസ്ഥാനത്ത് നീക്കം ചെയ്യാനുള്ള ഗവർണറുടെ നീക്കം മറ്റാരെയോ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്. ഗവർണറുടെ പ്രീതി എന്ന കാര്യം ഭരണഘടനയുടെ മൂല്യങ്ങളാലും, സ്വാഭാവികനീതിയുടെ ബോധ്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. ആ തിരിച്ചറിവുണ്ടാകണം.

പകരം ചില പ്രത്യേക രാഷ്ട്രീയ കക്ഷികളുടെ അധീശ താല്പര്യങ്ങൾക്ക് വേണ്ടി താൻ തന്നെ പ്രവർത്തിക്കുന്നു. അതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതും അദ്ദേഹം തന്നെ കാണുകയാണ്. അദ്ദേഹത്തെ വിമർശിച്ചാൽ അത് ഭരണഘടനാവിരുദ്ധമാണെന്നാണ് പറയുന്നത്. ഗവർണർ സ്ഥാനത്തിരിക്കുന്ന വ്യക്തി പത്രസമ്മേളനം നടത്തിയും, പൊതുയോഗങ്ങളിലും മന്ത്രിമാരെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്നത് ഭരണഘടനാമൂല്യങ്ങൾക്ക് ചേരുന്നതാണോ? ഇതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. വിവരമില്ലാത്തവനെന്നാണ് അദ്ദേഹം ഒരു മന്ത്രിയെ അധിക്ഷേപിച്ചത്. മന്ത്രിമാരുടെ പൊതുവിജ്ഞാനത്തിനും പാണ്ഡിത്യത്തിനും മാർക്കിടാൻ ഗവർണമാർക്ക് ആരും അധികാരം നൽകിയിട്ടില്ല. ഒരു വൈസ് ചാൻസലറുടെ ശാസ്ത്രമേഖലയിലെ ഭാഷാപരിജ്ഞാനത്തെ പറ്റി അദ്ദേഹം രൂക്ഷപരിഹാസം ചൊരിയുകയുണ്ടായി. മറ്റൊരു വൈസ് ചാൻസലറെ ക്രിമിനലെന്ന് വിളിച്ചു. അറിയപ്പെടുന്ന രാജ്യം ആദരിക്കുന്ന അക്കാദമിക് പണ്ഡിതനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചു. അങ്ങനെയുള്ള മഹനീയവ്യക്തിത്വം മന്ത്രിമാരെയും അധിക്ഷേപിക്കാൻ മടിക്കില്ല. അതിൽ ആശ്ചര്യമൊന്നുമില്ല. എന്നാൽ ഒരു ഭരണഘടനാ പദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നതിനാൽ ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്ന് എല്ലാവരുമോർക്കണം.

സർവകലാശാലകളുടെ സ്വയംഭരണാധികാരമുൾപ്പടെയുള്ള കാര്യങ്ങളിൽ നിയമപരമായ നടപടിക്രമങ്ങളെയും രാഷ്ട്രീയമായ ഔചിത്യത്തെയും ലംഘിക്കുന്ന നടപടി ഏതുഭാഗത്തുനിന്നുണ്ടായാലും സർക്കാർ അതിനു കീഴടങ്ങുന്ന പ്രശ്നമില്ല.

നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് നിയമിച്ച വൈസ് ചാൻസലർ മാർ ഇന്ന ദിവസം ഇത്ര മണിക്കകം രാജിവെച്ചു കൊള്ളണമെന്നു കല്പിക്കാൻ ആർക്കും അധികാരമില്ല. സാമാന്യ നീതി പോലും നിഷേധിക്കുന്ന അമിതാധികാര പ്രവണത അനുവദിച്ചു കൊടുക്കാനാവില്ല. സർക്കാർ സർവീസിലെ ജീവനക്കാരനടക്കമുള്ള ഒരാളെയും നോട്ടീസു കൊടുക്കാതെ, അവർക്കു പറയാനുള്ളതു കേൾക്കാതെ പിരിച്ചു വിടാൻ കഴിയില്ല. ആ സാമാന്യ നീതിപോലും വിസി മാർ അർഹിക്കുന്നില്ല എന്ന നിലപാട് സ്വേച്ചാധിപത്യപരമാണ്. അതിനെ ആ നിലയ്ക്കേ കാണാനാവൂ.

ജുഡീഷ്യറിയെ പോലും മറികടക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഒരു പ്രത്യേകവിഷയത്തിൽ സുപ്രിംകോടതി എടുത്ത തീർപ്പ് എല്ലാസർവകലാശാലകളിലും പ്രയോഗിക്കാൻ ശ്രമിക്കുന്നത് ജുഡീഷ്യറിയുടെ അധികാരങ്ങൾ സ്വയം കയ്യാളാനുള്ള ശ്രമമല്ലാതെ മറ്റെന്താണ്?

ചാൻസലർ നേരിട്ട് സംസ്ഥാന പൊലീസ് തലവന് നിർദേശങ്ങൾ നൽകുന്നതും കണ്ടു. അത്തരം അധികാരമൊന്നും ചാൻസലർക്കില്ല. കേരളത്തിന്റ ഭരണപരമായ ഒരു കാര്യങ്ങളിലും ചാർസലർക്ക് ഇടപെടാനാവില്ല.

ആദ്യം അധ്യാപകരെ നിയമിച്ചതിനെതിരെയായിരുന്നു. പിന്നീട് തെരഞ്ഞെടുക്കപ്പെട്ട സെനറ്റ്, സിൻഡിക്കേറ്റ് എന്നീ ജനാധിപത്യ സമിതികൾക്കു നേരേയായി. ഏറ്റവും ഒടുവിൽ വൈസ് ചാൻസലർ മാർക്കെതിരെയായി. സർവകലാശാലകളുടെ സ്വയം ഭരണാധികാരം തകർക്കലാണിതിനു പിന്നിലെ ലക്ഷ്യം.

വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കാനുള്ള സർക്കാർ പദ്ധതികളെ തകർക്കുകയാണു ലക്ഷ്യം. ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ കുതിച്ചുചാട്ടത്തെ തടയലാണിതിനു പിന്നിലെ ലക്ഷ്യം. സർവോപരി സംഘപരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റിക്കൊടുക്കലാണു ലക്ഷ്യം. ഇതു കാണാൻ കഴിയുന്നവർ യുഡിഎഫി ൽ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ബി ജെ പി യുടെ ഈ തന്ത്രത്തിനു കൂട്ടുനിൽക്കുമ്പോഴും ലീഗ് നേതാക്കൾ വേറിട്ട ശബ്ദത്തിൽ സംസാരിക്കുന്നത് അവർ ഈ ആപത്തു തിരിച്ചറിയുന്നതു കൊണ്ടാവണം.

ജെ എൻ യു വിലും ഹൈദരബാദ് സർവകലാശാലയിലും ഒക്കെ സംഘപരിവാർ ഇട പെട്ടതു നമ്മൾ കണ്ടതാണ്. അതുമായി ചേർത്തു വായിക്കേണ്ടതുണ്ട് ഇവിടെ സർവകലാശാലകൾക്കുനേർക്കുനടക്കുന്ന ആക്രമണങ്ങളെയും. ഇതു കൂട്ടിവായിക്കാത്തവർ വലിയ രാഷ്ട്രീയ അബദ്ധത്തിലേക്കാണ് എടുത്തു ചാടുന്നത്.

എല്ലാ സർവ്വകലാശാലകളിലെയും പ്രഫസർമാരുടെ വിവരം ചോദിച്ചുവല്ലോ. അത് വിധി വരുന്നതിന് മുമ്പല്ലേ? അപ്പോൾ പുതിയനീക്കങ്ങൾ നേരത്തെ നിശ്ചയിച്ചതായിരുന്നോ?

അധികാരികൾ എന്നു സ്വയം വിശേഷിപ്പിക്കാൻ വ്യഗ്രത പൂണ്ടുനിൽക്കുന്നവർ തങ്ങളുടെ അധികാരം സാങ്കേതിക അർത്ഥത്തിൽ മാത്രമുള്ളതാണെന്നു തിരിച്ചറിയണം.

ജനാധിപത്യത്തിലൂടെ കൈവന്നതല്ല തങ്ങളുടെ അധികാരമെന്നു മനസ്സിലാക്കണം. ജനാധിപത്യ ദത്തമായ അധികാരമുള്ള മന്ത്രിസഭ സംസ്ഥാനത്തുണ്ട് എന്നതും ജനാധിപത്യത്തിൽ അതിനു മേലല്ല നോമിനേറ്റഡ് സംവിധാനങ്ങൾ എന്നും ഓർക്കണം.

കൊളാണിയൽ ഭരണകാലത്തിന്റെ നീക്കിയിരിപ്പായി കൈ വന്നിട്ടുള്ള അധികാരത്തിനു ജനാധിപത്യത്തിലുള്ള പരിമിതി മനസ്സിലാക്കണം.

ചാൻസലർ സ്ഥാനം ജനാധിപത്യ വ്യവസ്ഥ കനിഞ്ഞു നൽകിയ ഉദാരതയാണ്. ആ വ്യവസ്ഥയ്ക്ക് എപ്പോഴും തിരിച്ചെടുക്കാവുന്നതേയുള്ളു അത്. തുടരെ ജനാധിപത്യത്തിനും സർവകലാശാലയുടെ സ്വയംഭരണാധികാരത്തിനും നേർക്കു കടന്നുകയറിയിട്ടും അതു തിരിച്ചെടുക്കാതിരിക്കുന്നെങ്കിൽ അത് ഉയർന്ന ഉദാര മാനാഭാവം കൊണ്ടു മാത്രമാണ്. ഭയം കൊണ്ടല്ല.

കടന്നുകയറ്റശ്രമങ്ങളെ അക്കാദമിക് സമൂഹവും പൊതു ജനാധിപത്യ സമൂഹവും നേരിടുക തന്നെ ചെയ്യും..

സർവകലാശാലകളെ സ്തംഭിപ്പിക്കാനുള്ളതല്ല ചാൻസലർ സ്ഥാനം.

വൈസ് ചാൻസലർ സ്ഥാനത്തേക്ക് ആളെ കണ്ടെത്താനുള്ള ചുമതലയാണല്ലൊ സർച്ച് കമ്മറ്റിക്ക് ഉണ്ടായിരുന്നത്. ആ കമ്മിറ്റി ഒരാൾ ഒഴികെയുള്ളവരെ അയോഗ്യരായാണു വിലയിരുത്തിയതെങ്കിൽ അയോഗ്യരായവരെ പാനലിൽ ചേർക്കണമെന്ന് ചാൻസലർക്ക് എങ്ങനെ കൽപ്പിക്കാൻ പറ്റും?

സുപ്രീം കോടതിയുടെ മുമ്പാകെ ഇല്ലാത്ത കേസുകളിൽ സുപ്രീം കോടതി എടുക്കാനിടയുളള നിലപാട് ഇന്നവിധത്തിലായേക്കുമെന്ന് ഊഹിക്കാൻ എന്തു പ്രത്യേക സിദ്ധിയാണു ചാൻസലർക്കുള്ളത്?

ചാൻസലർ അറിയാതെ വന്ന നിയമനമായിരുന്നോ വിസി മാരുടേത്? എങ്കിലല്ലേ പൊടുന്നനെ വെളിപാടു കൊണ്ടാലെന്നപോലെ ചാൻസർക്കു പുറത്താക്കാനാവൂ.

വൈസ് ചാൻസലർ മാർക്ക് ഏതെങ്കിലും കോടതി അയോഗ്യത കൽപ്പിച്ചോ? പിന്നെ എന്തടിസ്ഥാനത്തിലാണ് സുപ്രീം കോടതി അഭിപ്രായമേ പ്രകടിപ്പിക്കാത്ത വിസിമാരോട് രാജിവെക്കാൻ കല്പിക്കുന്നത്?

എന്തിന്റെ പേരിലായാലും ജനാധിപത്യമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല. മോഹിക്കേണ്ടതില്ല.

'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

400 ദിവസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ, 'ലൗലി'ക്ക് ശബ്ദമായി എത്തുന്നത് ഉണ്ണിമായ പ്രസാ​ദ് - ദിലീഷ് കരുണാകരൻ അഭിമുഖം

'കട്ടന്‍ചായയും പരിപ്പുവടയും'; ഇ.പി.ജയരാജന്റെ ആത്മകഥയുടെ പേരില്‍ വിവാദം, ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സംഭവിച്ചത്

ഹൊറർ കോമഡിയുമായി ഷറഫുദീനും ഐശ്വര്യ ലക്ഷ്മിയും, 'ഹലോ മമ്മി'യുടെ ട്രെയ്‌ലറെത്തി

SCROLL FOR NEXT