പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. വകുപ്പുകള്‍ പ്രോട്ടോകോള്‍ പ്രകാരമല്ല പ്രവര്‍ത്തിക്കുന്നത്. അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും ജല അതോറിറ്റിയും വീഴ്ചയില്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ്. ഇതിനിടെയാണ് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല.
പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവരോടും കളക്ടര്‍ റിപ്പോര്‍ട്ട് തേടി. പൈപ്പ്‌ലൈനിലെ ചോര്‍ച്ച പരിഹരിച്ച് അടിയന്തരമായി റോഡ് പൂര്‍വസ്ഥിതിയിലാക്കാനും കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂനമ്മാവ് സ്വദേശി യദുലാല്‍ (23) ആണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. പൈപ്പ് പൊട്ടിയുണ്ടായ കുഴിയുടെ സമീപത്ത് അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നിലൂടെ വന്ന ടാങ്കര്‍ ലോറി യദുവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായ പരുക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ എട്ട് മണിക്കായിരുന്നു അപകടം. തിരക്കേറിയ ഇടമായിട്ടും ഇത്രനാള്‍ കഴിഞ്ഞിട്ടും കുഴി അടയ്ക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം