ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകളും വേദിയും കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാതെ മടങ്ങി. വ്യാപാരി വ്യവസായ സമിതിയുട സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം സമയത്ത് ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി തിരിച്ചുപോയത്. തിങ്കളാഴ്ച വൈകീട്ട് കിഴക്കേകോട്ട നായനാര്‍ പാര്‍ക്കിലെ വേദിക്ക് സമീപം മുഖ്യമന്ത്രിയെത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകളും വേദിയുമാണ് കാണാനായത്.
സ്വീകരിക്കാനോ കാര്യങ്ങള്‍ വിശദീകരിക്കാനോ സ്ഥലത്ത് സംഘാടകരുമില്ലായിരുന്നു. അഞ്ചുമണിക്ക് മുഖ്യമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും ആറുമണിയോടെ നിശാഗന്ധിയിലേക്ക് മടങ്ങുമെന്നും നേരത്തേ അറിയിച്ചതുമാണ്. 5.10 ന് മുഖ്യമന്ത്രിയെത്തി. പക്ഷേ പൊലീസും മാധ്യമപ്രവര്‍ത്തകരും ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്രക്കാരും മാത്രമാണ് നായനാര്‍ പാര്‍ക്കിലുണ്ടായിരുന്നത്.
വേദിക്ക് സമീപം മുഖ്യമന്ത്രിയെത്തിയതോടെ പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഓടിയെത്തി പ്രകടനം വരുന്നതേയുള്ളൂവെന്നും ആളുകള്‍ എത്തിത്തുടങ്ങുന്നേയുള്ളൂവെന്നും അറിയിച്ചു. പരിപാടി എത്രമണിക്ക് തുടങ്ങുമെന്നുള്ള കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ സംഘാടകരാരും അപ്പോള്‍ അവിടെ ഉണ്ടായിരുന്നില്ല. ഇതോടെ മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു.