പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദം പരാമര്‍ശം തള്ളി കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് വിവിധ മതമേലധ്യക്ഷന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.
ജിഹാദ് പരാമര്‍ശം സംബന്ധിച്ച് ദീപിക പത്രത്തില്‍ വന്ന ലേഖനം കത്തോലിക്ക സഭയുടെ നിലപാടല്ല. കത്തോലിക്ക സഭ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല, സംഘടനകള്‍ നിലപാട് എടുത്തിട്ടുണ്ടാകാം. മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റ് മതങ്ങളെ ബഹുമാനത്തോടെ കാണണം. ഇതര മതങ്ങള്‍ക്ക് മുറിവേല്‍ക്കുന്നത് ഒഴിവാക്കണം. കേരളത്തിന്റെ തനതായ സൗഹൃദം പുലരണമെന്നതാണ് ലക്ഷ്യം. വിവിധ മതങ്ങള്‍ ഉള്‍പ്പെട്ട പ്രാദേശിക ഫോറങ്ങള്‍ സജീവമാകണം. മത ആത്മീയ മേഖലയിലുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് പറഞ്ഞ ക്ലിമ്മിസ് ബാവ, തിങ്കളാഴ്ച ചേര്‍ന്ന യോഗം സര്‍ക്കാരിനെ അറിയിച്ചുകൊണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി.