വേതനവര്‍ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ മാനേജ്‌മെന്റിനെതിരെ നടത്തുന്ന സമരത്തിന് സിഐടിയു യൂണിയനുകളുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ എളമരം കരീം. മുത്തൂറ്റ് മാനേജ്മെന്റ് സ്ഥാപനത്തില്‍ ഹിതപരിശോധനയ്ക്ക് തയ്യാറാകണമെന്ന് എളമരം കരീം പറഞ്ഞു. മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് ശമ്പളവും ബോണസും നല്‍കുന്നില്ല. സമരത്തിന് നേതൃത്വം നല്‍കുന്നവരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുകയാണ്. തൊഴിലാളിദ്രോഹ നടപടികള്‍ തുടരുന്ന മുത്തൂറ്റ് സ്ഥാപനമേധാവികള്‍ ജനാധിപത്യത്തെയും ട്രേഡ് യൂണിയനുകളെയും അപമാനിക്കുകയാണെന്നും എളമരം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയുംവരെ അംഗീകരിക്കാത്ത മാനേജ്മെന്റ് സമനില തെറ്റിയപോലെയാണ് പെരുമാറുന്നത്. സമരത്തെത്തുടര്‍ന്ന് വ്യാപാരം നടക്കുന്നില്ലെന്നും കേരളം വിടുകയാണെന്നും വിലപിക്കുന്നവര്‍ എന്തിനാണ് സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്?എളമരം കരീം
മുത്തൂറ്റ് ഫിനാന്‍സിന്റെ വളര്‍ച്ച അവിടുത്തെ ജീവനക്കാരുടെ അധ്വാനത്തിന്റെയുംകൂടി വിലയാണെന്ന് മാനേജ്മെന്റ് ഓര്‍ക്കണമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.
പിരിച്ചുവിടല്‍ ഭീഷണികള്‍ക്കും അപവാദപ്രചാരണങ്ങള്‍ക്കും മുന്നില്‍ തളരില്ലെന്നും ശമ്പളവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ പോരാട്ടം തുടരുമെന്നും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ഇന്ന് ആലുവയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി 30, ഒക്ടോബര്‍ 1 തീയതികളില്‍ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വാഹനപ്രചാരണ ജാഥ നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം ഇന്നേക്ക് 34 ദിവസമായെന്നും വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും നോണ്‍ ബാങ്കിങ് ആന്റ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) സംസ്ഥാന സെക്രട്ടറി നിഷ കെ ജയന്‍ യോഗത്തിന് ശേഷം 'ദ ക്യൂ'വിനോട് പ്രതികരിച്ചു.
തൊഴിലാളികളുടെ ആത്മാഭിമാനം പണയം വയ്ക്കാന്‍ തയ്യാറല്ല. സമരം പൊളിക്കാന്‍ മാനേജ്‌മെന്റ് എന്തൊക്കെ കുറുക്കുവഴികളും കുതന്ത്രങ്ങളും പയറ്റിയാലും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന ഈ സമരം വിജയിക്കുക തന്നെ ചെയ്യും.നിഷ കെ ജയന്‍
ഐഎന്‍ടിയുസി, എഐടിയുസി യൂണിയനുകളും മുത്തൂറ്റ് ജീവനക്കാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ഒരു മുതലാളിക്ക് പണം കണ്ടതിന്റെ ധാര്‍ഷ്ട്യത്തില്‍ എന്തും വിളിച്ചുപറയാമെന്നാണെങ്കില്‍ അത് വെച്ചുപൊറുപ്പിക്കില്ല എന്നോര്‍ക്കണം. മുത്തൂറ്റിന്റെ ഭീഷണിയില്‍ ആരും പേടിക്കാന്‍ പോകുന്നില്ല. ഒക്ടോബര്‍ നാലിന് മുത്തൂറ്റ് ഹെഡ് ഓഫീസിലേക്ക് തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി മാര്‍ച്ച് നടത്തുമെന്നും ഐഎന്‍ടിയുസി നേതാവ് പറഞ്ഞു.