ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ കാലടി മണപ്പുറത്തെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കൊലപാതക കേസിലടക്കം പ്രതിയായ രതീഷാണ് അങ്കമാലിയില്‍ പിടിയിലായത്. ആലുവ അഡീഷണല്‍ എസ്പി എംജെ സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാനുള്ള ശ്രമം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി തയ്യാറാക്കിയ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് പൊളിച്ച കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മിന്നല്‍ മുരളിയുടെ നിര്‍മ്മാതാവ് സോഫിയ പോളിനുവേണ്ടി ചലച്ചിത്ര സംഘടനകളുടെ സംയുക്ത നേതൃത്വം നേരത്തേ ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയിരുന്നു. രതീഷിന്റെ നേതൃത്വത്തിലാണ് അഖില ഹിന്ദുപരിഷത്തിന്റെയും യുവജന സംഘടനയായ രാഷ്ട്രീയ ബജ്രംഗദള്ളിന്റെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് പള്ളി മാതൃക തകര്‍ത്തത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സെറ്റ് തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ എ എച്ച് പി ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. പള്ളി മാതൃക പൊളിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മിന്നല്‍ മുരളി ടീമിനുണ്ടായത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.