സംവിധായിക കുഞ്ഞില മാസിലാമണിയുടെ അസംഘടിതര്‍ എന്ന ചിത്രം ചലച്ചിത്ര അക്കാദമി വിമണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി അക്കാദമി സെക്രട്ടറി സി അജോയ്. ഫെസ്റ്റിവലില്‍ മലയാളം വിഭാഗത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്നായിരുന്നു തീരുമാനം. അതിനാല്‍ പുതിയ സിനിമകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സി.അജോയ് മാധ്യമങ്ങളോട് പ്രതികരിച്ചു.
'തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേള നടക്കുമ്പോഴും അപ്പപ്പോള്‍ ഉണ്ടാകുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും കൂട്ടങ്ങളും ഒക്കെ ഉണ്ടാവും. അതിനെയെല്ലാം ജനാധിപത്യപരമായി സമീപിക്കുന്ന ഒരു സമീപനമാണ് ചലച്ചിത്ര അക്കാദമിക്ക് ഉള്ളതെന്നും' സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
'ഇന്നലെ തന്നെ കുഞ്ഞില ഇവിടെ വന്നപ്പോള്‍ 'എന്നോട് വന്ന് പാസ് ചോദിക്കുന്നുണ്ട് എന്ന് പറഞ്ഞു'.ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു, അവര്‍ ഒരു സംവിധായികയാണെന്ന്. അതുകൊണ്ട് ഗസ്റ്റ് പാസാണ് അവര്‍ക്ക് കൊടുത്തത്. സിനിമ കാണാനുള്ള അവസരം വേണമെന്ന് അവര്‍ പറഞ്ഞു. പിന്നീട് ഇവിടെ ചെയര്‍മാന്‍ അടക്കമുള്ളവരോട് അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. റെക്കോര്‍ഡഡായിരുന്നു എന്ന് തോന്നുന്നു', അജോയ് പറയുന്നു.
'നമ്മുടെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ചില പ്രോട്ടോകോളുകള്‍ ഉണ്ട്. ആ പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി വേദിയില്‍ ആരൊക്കെ ഉണ്ടാകണം എന്നും ഓരോരുത്തരുടെ ഇരിപ്പിടം അടക്കം മുന്‍കൂട്ടി തീരുമാനിക്കുകയാണ് ചെയ്യുന്നത്. അവിടെ വളരെ അപ്രതീക്ഷിതമായാണ് ഇന്നലെ ആ സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നും അജോയ് വ്യക്തമാക്കി.