Around us

ജെന്‍ഡര്‍ ന്യൂട്രലായ പുതിയ ബസ് കാത്തിരുപ്പ് കേന്ദ്രം പണിയും; പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ നേരിട്ടെത്തി അഭിനന്ദിച്ച് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം സി.ഇ.ടി കോളേജിന് സമീപത്തെ ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നത് തടയാന്‍ സീറ്റ് വെട്ടിപ്പൊളിച്ചതിനെ വിമര്‍ശിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍.

സംഭവം പുരോഗമന സമൂഹത്തിന് ചേരാത്തതാണെന്നും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല എന്നും മേയര്‍ പറഞ്ഞു. മറിച്ച് വിശ്വസിക്കുന്നവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് ജീവിക്കുന്നതെന്നും ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് (സി.ഇ.ടി) സന്ദര്‍ശിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മേയര്‍ ആര്യ രാജേന്ദ്രന്‍ അഭിനന്ദിച്ചു. പ്രശ്‌നമായ ബസ് ഷെല്‍ട്ടര്‍ അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാത്തതുമാണ് എന്ന് മേയര്‍ പറഞ്ഞു. കൂടാതെ നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള ജെന്‍ഡര്‍ ന്യൂട്രലായ പുതിയൊരു ഷെല്‍ട്ടര്‍ പണിതുനല്‍കുമെന്നും മേയര്‍ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു എന്നും വിദ്യാര്‍ത്ഥികളുടെ നിലപാടിനൊപ്പം ആണെന്നും മേയര്‍ പറഞ്ഞു.

കോളേജിന്റെ സമീപത്തുള്ള ബസ് കാത്തിരുപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയില്‍ ആക്കിയത് വലിയ വിവാദമായിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധവുമായി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിന്റിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാര്‍ക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങള്‍.

അല്പം മുന്‍പ് അവിടെ സന്ദര്‍ശിച്ചു. ബസ് ഷെല്‍ട്ടര്‍ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ ചഛഇ ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും. അത് ജന്‍ഡര്‍ ന്യുട്രല്‍ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങള്‍.'

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT