ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സബ്‌സിഡി ഇല്ലാത്തത് കൊവിഡ് മൂലമാണെന്ന മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി പാചക വാതകത്തിന് സബ്‌സിഡി ലഭിക്കുന്നില്ല.
2020 മെയ് മാസം മുതല്‍ 2021 നവംബര്‍ മാസം വരെ മാത്രം പാചകവാതക വിലയില്‍ 258 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രം. കേന്ദ്ര പെട്രോളിയം മന്ത്രാലയം വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനിലിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പാചക വാതകത്തിന്റെ ആഭ്യന്തര വില കേന്ദ്ര സര്‍ക്കാരിന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് ഉയര്‍ന്നത് കൊണ്ടാണ് സബ്‌സിഡി നല്‍കാന്‍ കഴിയാത്തതെന്നും കത്തില്‍ പറയുന്നു. രാജ്യാന്തര വിലയെ അടിസ്ഥാനമാക്കിയാണ് സബ്‌സിഡി നല്‍കുന്നത്. 2020 മെയ് മാസം വരെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പാചകവാതക വിലയുടെ പകുതിയോളം സബ്‌സിഡി നല്‍കിയിരുന്നുവെന്നും കേന്ദ്രം.
നിലവില്‍ ആഭ്യന്തര ആവശ്യത്തിന്റെ 55 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. സൗദി കരാറിനെ അടിസ്ഥാനമാക്കിയാണ് പാചകവാതകത്തിന്റെ വിലയും രാജ്യത്ത് നിശ്ചയിക്കപ്പെടുന്നത്. സൗദി കരാര്‍ തുകയില്‍ 258 ശതമാനമാണ് വര്‍ദ്ധന ഉണ്ടായിരിക്കുന്നതെന്നും കത്തില്‍ പറയുന്നു.