വാഹനങ്ങളുടെ രജിസ്‌ട്രേഷനും പുതുക്കലിനും ഫീസ് കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും. ഇരുചക്രവാഹനങ്ങളുടേയും പെട്രോള്‍, ഡീസല്‍ കാറുകളുടേയും രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം ഗതാഗതമന്ത്രാലയം പുറത്തിറക്കി. ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് ഇരുപത് ഇരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. 50 രൂപ നല്‍കിയിരുന്നതിന് പകരം ഇനി മുതല്‍ 1,000 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കണം. 2,000 രൂപയാണ് പഴയ ഇരുചക്രവാഹനം പുതുക്കാന്‍ അടക്കേണ്ടത്.
മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം പൊളിച്ചുവിറ്റതിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിന് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കും. പെട്രോള്‍, ഡീസല്‍ വാഹനവില്‍പന കുറച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല.
പുതിയ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5,000 രൂപ നല്‍കണം. പുതുക്കാന്‍ 10,000 രൂപ ഈടാക്കും. മുമ്പ് രജിസ്‌ട്രേഷനും പുതുക്കലിനും 600 രൂപ മാത്രം ഈടാക്കിയിരുന്നിടത്താണ് ഈ വര്‍ധന. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ചാര്‍ജ് 5,000 രൂപയില്‍ നിന്ന് 40,000 ആക്കി ഉയര്‍ത്തുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇറക്കുമതി ചെയ്യുന്ന ഇരുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 2,500ല്‍ നിന്ന് 20,000 ആകും.
എട്ട് വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ആകും ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. എട്ടുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളവയ്ക്ക് ഒരുവര്‍ഷത്തേക്ക്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി ആറുമാസത്തേക്കായിരിക്കും നല്‍കുക.
കരടുവിജ്ഞാപനം സംബന്ധിച്ച പ്രതികരണങ്ങള്‍ jspbmorth@gov.in എന്ന ഇമെയില്‍ വിലാസത്തില്‍ 30 ദിവസത്തിനകം അറിയിക്കാം.
ഇരുചക്രവാഹനം
രജിസ്‌ട്രേഷന്‍-1,000 രൂപ (50 രൂപ)
പുതുക്കുന്നതിന്-2,000 രൂപ (50 രൂപ)
മുച്ചക്രവാഹനങ്ങള്‍
രജിസ്‌ട്രേഷന്‍-5,000 രൂപ (300 രൂപ)
പുതുക്കുന്നതിന്-10,000 രൂപ (300 രൂപ)
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍- നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്
രജിസ്‌ട്രേഷന്‍-5,000 രൂപ (600 രൂപ)
പുതുക്കുന്നതിന്-15,000 രൂപ (600 രൂപ)
ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍-ട്രാന്‍സ്‌പോര്‍ട്ട്
രജിസ്‌ട്രേഷന്‍-10,000 രൂപ (1,000 രൂപ)
പുതുക്കുന്നതിന്-20,000 രൂപ (1,000 രൂപ)
മീഡിയം ഗുഡ്‌സ്/ പാസഞ്ചര്‍ വാഹനങ്ങള്‍
രജിസ്‌ട്രേഷന്‍-20,000 രൂപ (1,000 രൂപ)
പുതുക്കുന്നതിന്-40,000 (1,000 രൂപ)
ഹെവി ഗുഡ്‌സ്/പാസഞ്ചര്‍ വാഹനങ്ങള്‍
രജിസ്‌ട്രേഷന്‍- 20,000 രൂപ (1,500 രൂപ)
പുതുക്കുന്നതിന്-40,000 രൂപ (1,500 രൂപ)
ഇരുചക്ര/മുച്ചക്ര വാഹനങ്ങള്‍
രജിസ്‌ട്രേഷന്‍-5,000 രൂപ (2,500 രൂപ)
പുതുക്കുന്നതിന്-10,000 രൂപ (2,500 രൂപ)
നാലുചക്ര വാഹനങ്ങള്‍
രജിസ്‌ട്രേഷന്‍-20,000 രൂപ (5,000 രൂപ)
പുതുക്കുന്നതിന്-40,000 രൂപ (5,000 രൂപ)