കേന്ദ്രബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രത്തിലില്ലാത്ത തിരിച്ചടിയാണ് ബജറ്റില്‍ കേരളത്തിന് നേരിടേണ്ടി വരുന്നത്. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞവര്‍ഷം കേന്ദ്ര നികുതി വിഹിതമായി 17,872 കോടി രൂപ ലഭിച്ചിരുന്നു.എന്നാല്‍ 15,236 കോടിയാണ് ഇക്കുറി കിട്ടുക. ഇരുപതിനായിരം കോടി പ്രതീക്ഷിച്ച സ്ഥാനത്താണിത്. കേരളത്തിനുള്ള ബജറ്റ് വിഹിതം 2.5 ല്‍ നിന്ന് 1.9 ശതമാനമായി കുറഞ്ഞു. ഇത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വിഹിതമാണ്. 2.3 ശതമാനമായിരുന്നു ഇതുവരെയുള്ള കുറഞ്ഞ നിരക്ക്. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഇത്തവണയും ബജറ്റില്‍ ഒന്നുമില്ലെന്നും തോമസ് ഐസക് വിശദീകരിച്ചു.
കഴിഞ്ഞ ബജറ്റിന്റെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഒന്നും പഠിച്ചില്ല. യഥാര്‍ത്ഥ പ്രശ്‌നമെന്തെന്ന് തിരിച്ചറിയാതെയാണ് നടപടികള്‍. സാമ്പത്തിക പ്രതിസന്ധി മൂര്‍ഛിക്കാനാണ് കേന്ദ്രനടപടികള്‍ ഇടവരുത്തുകയെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി പരിഷ്‌കാരം സങ്കീര്‍ണതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിനെ കൊള്ളയടിച്ച് 1.90 ലക്ഷം കോടി എടുത്തു. റിസര്‍വ് ബാങ്കില്‍ നിന്ന് വീണ്ടും എടുക്കാനാണ് നീക്കം. തിരിച്ചടയ്ക്കുന്ന വായ്പയായല്ല മുതലാണ് കൊള്ളയടിക്കുന്നത്. കയ്യിട്ടുവാരല്‍ നയമാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രം. ആര്‍ബിഐയുടെ വിശ്വാസ്യത തന്നെ തകര്‍ത്തു. ആഗോള മാന്ദ്യം രൂക്ഷമാകുമ്പോള്‍ ഇന്ത്യ ഇതിന് കനത്ത വിലകൊടുക്കേണ്ടിവരും. വിദേശ നാണയ പ്രതിസന്ധി വരുമ്പോള്‍ ആര്‍ബിഐക്ക് നേരിടാനാകുമോയെന്ന് കമ്പോളം സന്ദേഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് നികുതിയിളവ് കൊടുത്തു. അതിന് ശേഷം പണമില്ലെന്ന് പറഞ്ഞ് നാടിന്റെ സമ്പത്ത് അതേ മുതലാളിമാര്‍ക്ക് വില്‍ക്കുന്നു. ഇതാണ് നടക്കുന്നത്. രണ്ട് ലക്ഷം കോടിയുടെ ഓഹരികളാണ് വില്‍ക്കുന്നത്. നികുതിയിളവ് കൊടുത്തില്ലായിരുന്നെങ്കില്‍ വരുമാനം ഉണ്ടാകുമായിരുന്നു. അങ്ങനെയെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കേണ്ടി വരില്ല. ഇങ്ങനെയുള്ള പ്രഹസനമാണ് കേന്ദ്രം നടത്തുന്നത്. ഐഡിബിഐ പൂര്‍മായി വില്‍ക്കുകയാണ്. ഇന്ത്യയില്‍ ഇതാദ്യമാണ്. എല്‍ഐസി സ്വകാര്യ വല്‍ക്കരിക്കുന്നു. ബിഎസ് എന്‍എല്‍ പോലെ തകര്‍ത്തിട്ട് വില്‍ക്കുമോ അതിന് മുന്‍പ് വില്‍ക്കുമോ എന്നേ ഇനി അറിയാനുള്ളൂവെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.