ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ പീഡിപ്പിച്ച കേസിലെ പെണ്‍കുട്ടിയും ബന്ധുക്കളും അപകടത്തില്‍ പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിന് കത്ത് നല്‍കി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ കേസ് സിബിഐക്ക് വിടാമെന്ന് ഉത്തര്‍പ്രദേശ് പോലീസ് സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും നീക്കങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥന്‍ ജയില്‍ കഴിയുന്ന കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ അറിയിച്ചിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. അപകടദിവസത്തെ യാത്രയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിക്കൊപ്പമുണ്ടാകില്ലെന്ന വിവരമാണ് ചോര്‍ത്തി നല്‍കിയത്.
പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കാറപകടതതില്‍ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഭാഷകനും ചികിത്സയിലാണ്.
എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറും സഹോദരന്‍ മനോജ് സിംഗ് സെന്‍ഗാര്‍, എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെയും ബന്ധുക്കളെയും ഇല്ലാതാക്കാന്‍ ജയില്‍ കഴിയുന്ന എംഎല്‍എ ഗൂഢാലോചന നടത്തി അപകടമുണ്ടാക്കിയതാണെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എംഎല്‍എയെ പുറത്താക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്.