ലഖിംപുർ ഖേരിയിലെ അപകടസ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് യു.പി പോലീസ്. സമാധാനാന്തരീക്ഷം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കുറ്റം.
മണിക്കൂറുകളോളം സിതാപൂരിലെ പോലീസ് ഗസ്റ്റ് ഹൗസിൽ കസ്റ്റഡിയിൽ പാർപ്പിച്ച ശേഷമാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. പ്രിയങ്കയ്ക്ക് പുറമെ മറ്റ് 10 പേർക്കതിരെയും കേസുകളെടുത്തിട്ടുണ്ടെന്ന് സിതാപുർ പോലീസ് അറിയിച്ചു. പ്രിയങ്ക ഇപ്പോൾ താമസിക്കുന്ന ലക്‌നൗവിലെ വീട് തന്നെ താത്കാലിക ജയിലാക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ എടുത്തത്. ഗസ്റ്റ് ഹൗസില്‍ തടഞ്ഞുവെച്ചതില്‍ പ്രിയങ്ക ഗാന്ധി നിലം തൂത്തുവാരി പ്രതിഷേധിച്ചിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇതിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു. കര്‍ഷകരെ കാണാതെ താന്‍ തിരിച്ചുപോകില്ല എന്ന തീരുമാനത്തിലാണ് പ്രിയങ്ക. പ്രിയങ്കയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഗസ്റ്റ് ഹൗസിന് മുന്‍പില്‍ തടിച്ചുകൂടിയിരുന്നു.