കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയില്‍ നിന്ന് ഒരു വിഹിതം വകമാറ്റണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ 4 പേര്‍ക്കെതിരെ കേസ്. ഫിറോസ് കുന്നംപറമ്പില്‍, സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് നടപടി. ഭീഷണിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ജൂണ്‍ 24 നാണ് വര്‍ഷ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയത്. ഓണ്‍ലൈന്‍ സഹായാഭ്യര്‍ത്ഥനകളിലൂടെ ചികിത്സയ്ക്ക് പണം സംഘടിപ്പിച്ച് നല്‍കുന്ന സാജന്‍ കേച്ചേരിയെന്നയാള്‍ വര്‍ഷയുടെ സഹായത്തിനെത്തി.
അമ്മയ്ക്ക് കരള്‍ പകുത്ത് നല്‍കിയത് വര്‍ഷയായിരുന്നു. അഭ്യര്‍ത്ഥിച്ചതിനേക്കാള്‍ വലിയ തുക വന്നപ്പോള്‍ അത് ജോയിന്റ് അക്കൗണ്ട് ആക്കണമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ വര്‍ഷയോട് ആവശ്യപ്പെട്ടു. അതില്‍ നിന്ന് ഒരു വിഹിതം ആവശ്യപ്പെട്ടെന്നും വര്‍ഷ പറഞ്ഞു. ഇതിന് വര്‍ഷ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയുമായിരുന്നു. തനിക്ക് നേരെ ഭീഷണി ഉയരുന്നതായി വര്‍ഷ ഫെയ്‌സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുകയും ചെയ്തു. ഒരുപാടുപേര്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും രക്ഷകന്റെ രൂപത്തിലെത്തിയയാള്‍ ഇപ്പോള്‍ കാലന്റെ രൂപത്തിലായിരിക്കുകയെന്നും പരാമര്‍ശിച്ചിരുന്നു.
കൊച്ചിയില്‍ നിന്ന് ജീവനോടെ തിരിച്ചുപോകാനാകുമോയെന്ന് പോലും ഭയപ്പെടുന്നതായും പരാമര്‍ശിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെ എറണാകുളം ഡിസിപി ജി പൂങ്കുഴലി വര്‍ഷയുടെ മൊഴിയെടുക്കുകയും ചെയ്തു. അതേസമയം പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെ ഫിറോസ് കുന്നംപറമ്പില്‍ വര്‍ഷയ്ക്ക് പിന്‍തുണയുമായി എത്തി. വര്‍ഷയെ ഇനി കുറ്റപ്പെടുത്തരുത്. അവളും നമ്മുടെ കുഞ്ഞുപെങ്ങളല്ലേയെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.