മാധ്യമ പ്രവര്‍ത്തകൻ വിനു വി. ജോണിനെതിരായ കേസ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ ഭയക്കുന്നുവെന്നതിന്റെ ഉദാഹരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വദേശാഭിമാനിക്ക് ഉണ്ടായ അതേ അനുഭവമാണ് ഈ സംഭവത്തിലൂടെ വിനു വി. ജോണിനും ഉണ്ടായിരിക്കുന്നത്. ഇതിലൂടെ വെളിവാകുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും എല്‍.ഡി.എഫിന്റെ ഇരട്ടത്താപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വി.ഡി സതീശന്റെ പ്രതികരണം
മാധ്യമ സ്വാതന്ത്ര്യത്തില്‍ മാത്രമല്ല എല്ലാ കാര്യങ്ങളിലും എല്‍.ഡി.എഫിന് ഇരട്ടത്താപ്പാണ്. ആര്‍.എസ്.എസിനെതിരെ സംസാരിക്കുകയും മുഖ്യമന്ത്രി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയോ എന്ന ചോദ്യത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
സ്വദേശാഭിമാനിക്ക് ഉണ്ടായ അതേ അനുഭവമാണ് മാധ്യമ പ്രവര്‍ത്തകനായ വിനു വി. ജോണിനും ഉണ്ടായിരിക്കുന്നത്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ ഭയക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് വിനു വി. ജോണിനെതിരായ വേട്ട. സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് ഒരു മാധ്യമ പ്രവര്‍ത്തകനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി കേസെടുത്തിരിക്കുന്നത്.
അക്രഡിറ്റേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സെക്രട്ടേറിയറ്റില്‍ പ്രവേശനമില്ല. എന്നിട്ടാണ് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും ബി.ബി.സി റെയ്ഡിന് എതിരെയും സംസാരിക്കുന്നത്. വിനു വി. ജോണിനെതിരായ കേസ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള മുന്നറിയിപ്പാണ്. സര്‍ സി.പി സ്വദേശാഭിമാനിക്കെതിരെ ചെയ്തതും ഇതു തന്നെയാണ്. സര്‍ സി.പിയുടെ ചരിത്രമാണ് പിണറായി വിജയനും ആവര്‍ത്തിക്കുന്നത്.