മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കടന്നതിനെതിരെയാണ് കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് 27 പ്രകാരം വാളയാർ റേഞ്ച് ഓഫീസറാണ് നടപടി സ്വീകരിച്ചത്. ബാബുവിനൊപ്പം മല കയറിയ രണ്ടു വിദ്യാർഥികൾക്കെതിരെയും കേസെടുത്തു. നേരത്തെ വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടാണ് ബാബുവിനെതിരായ കേസ് ഒഴിവാക്കിയത്. മല കയറാൻ കൂടുതൽ ആളുകൾ എത്തുന്നതോടെയാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്.
ഫെബ്രുവരി ഏഴിന് രാവിലെയാണ് ചെറാട് മലയുടെ മുകളിൽ കയറിയ ബാബു കാൽവഴുതി മലയിടുക്കിലേക്ക് വീണത്. എൻഡിആർഎഫിന്‍റെ നേതൃത്വത്തിൽ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് സംഘമെത്തി എയർ ലിഫ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് ഭക്ഷണം നൽകാനായി ശ്രമം. ഇതും പരാജയപ്പെടുകയായിരുന്നു.
കൂനൂർ വെല്ലിംങ്ടണിൽ നിന്നും കരസേനാ വിഭാഗം എത്തിയാണ് അതിസാഹസികമായി ബാബുവിനെ രക്ഷപ്പെടുത്തിയത്. മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം. 45 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്ക് സംസ്ഥാന ഖജനാവിൽ നിന്ന് മുക്കാൽ കോടിയോളം രൂപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.