പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് തന്നെ നേരിട്ട് വിളിച്ചറിയിക്കാമെന്ന് മന്ത്രി ജി സുധാകരന്‍. ഇന്ന് രാവിലെ 11.00 മുതല്‍ ഏഴര വരെ താന്‍ മറുതലയ്ക്കല്‍ ലഭ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. 18004257771 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. .പ്രവൃത്തി ദിവസം രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണ് പരാതി പരിഹാര സെൽ പ്രവർത്തിപ്പിക്കുന്നത്. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ഹാഷ്ടാഗോടെയാണ് പൊതുമരാമത്ത് മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്.
പരാതി പരിഹാര സെല്ലിൽ ഇന്ന് (05-07-2019) രാവിലെ 11.00 മുതൽ 01.00 മണി വരെ 1800 425 7771 എന്ന ടോൾ ഫ്രീ നമ്പറിൽ ജനങ്ങൾക്ക് എന്നോട് നേരിട്ട് പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാവുന്നതാണ്.ജി സുധാകരന്‍
യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് പണികഴിപ്പിച്ച പാലാരിവട്ടം മേല്‍പ്പാലം അഴിമതിയും അശാസ്ത്രീയവുമായ നിര്‍മ്മാണം മൂലം അപകടാവസ്ഥയിലായതിനേത്തുടര്‍ന്ന് നടപടികള്‍ കര്‍ക്കശമാക്കുകയാണ് സര്‍ക്കാര്‍.
പാലാരിവട്ടം മേല്‍പ്പാലം പുനരുദ്ധരിച്ചതിന് ശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കാവൂ എന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. പാലത്തിന് ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും ഘടനാപരമായ മാറ്റങ്ങള്‍ വേണമെന്നും ഇ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമുള്ള ഇ ശ്രീധരന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കഴിഞ്ഞ മാസം പാലാരിവട്ടം പാലം പരിശോധിച്ചിരുന്നു.
പാലാരിവട്ടം പാലത്തിന് കാര്യമായ പുനരുദ്ധാരണം വേണമെന്നും നിലവിലെ പണി തുടരുമെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്.
പാലം പൊളിക്കണോ വേണ്ടയോ എന്ന് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും. ശ്രീധരന്റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ച് തീരുമാനമെടുക്കാന്‍ കഴിയില്ല.ജി സുധാകരന്‍
ബലക്ഷയം പരിശോധിക്കാന്‍ മദ്രാസ് ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അന്തിമ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷമാകും തുടര്‍ നടപടി. ഇ ശ്രീധരന്റേയും ഐഐടിയുടേയും റിപ്പോര്‍ട്ട് ഒത്തു നോക്കുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.