പ്രവേശനത്തിന് രക്ഷിതാക്കള്‍ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നല്‍കണമെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റെന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വിശദീകരണം. രക്ഷിതാക്കള്‍ മുഖേന വിദ്യാര്‍ത്ഥികളാണ് സത്യവാങ് മൂലം നല്‍കേണ്ടതെന്ന് കാലിക്കറ്റ് സര്‍വകലാശായ ഡീന്‍ ഓഫ് സ്റ്റുഡന്റ് വെല്‍ഫെയര്‍ വത്സരാജന്‍ പി വി ദ ക്യൂവിനോട് പറഞ്ഞു. ലഹരിവസ്തുക്കള്‍ ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ പ്രവേശനം ലഭിക്കൂ എന്ന തരത്തിലായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മദ്യമുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കില്ലെന്നും, വിനിമയം ചെയ്യില്ലെന്നും വ്യക്തമാക്കിയാണ് പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ സത്യവാങ്മൂലം നല്‍കേണ്ടത്. ലഹരി ഉപയോഗിക്കുകയോ, കാമ്പസിനകത്ത് കൊണ്ടുനടക്കുകയോ, വിനിമയം ചെയ്യുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍വകലാശാല കാമ്പസുകളിലും അഫിലിയേറ്റഡ് കോളേജുകളിലും വ്യവസ്ഥ ബാധകമാണ്.
കാമ്പസിനകത്തും പരിസരങ്ങളിലും ലഹരി ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ലഹരി ഉപയോഗിക്കരുതെന്ന് സര്‍വകലാശാല ഉത്തരവിറക്കിയെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കാലിക്കറ്റ് സര്‍വകലാശായ ഡീന്‍ ഓഫ് സ്റ്റുഡന്റ് വെല്‍ഫെയര്‍ വത്സരാജന്‍ പി വി ദ ക്യൂവിനോട് പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ ഏര്‍പ്പെടില്ലെന്ന സത്യവാങ്മൂലം രക്ഷിതാക്കള്‍ മുഖേന വാങ്ങാനാണ് സര്‍വകലാശാല തീരുമാനിച്ചിരിച്ചിരിക്കുന്നത്. പ്രവേശന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ വേണമെന്ന് നിര്‍ബന്ധമുണ്ട്, അതിനാലാണ് സത്യവാങ്മൂലം രക്ഷിതാക്കള്‍ മുഖേന വാങ്ങുന്നതെന്നും വത്സരാജന്‍ പറഞ്ഞു.
പ്ലാനിങ് ആന്റ് ഡവലപ്‌മെന്റ് വിഭാഗത്തിന്റെ ആസൂത്രണ വിഭാഗം ജനുവരി 15ന് ചേര്‍ന്ന ലഹരിവിരുദ്ധ കമ്മിറ്റി യോഗത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കിയ ഉത്തരവാണ് വൈസ്ചാന്‍സലറിന്റെ അനുമതി പ്രകാരം പുറത്തിറക്കിയത്.