ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഏറെ വിവാദമായ പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും പൗരത്വത്തിനുള്ള അപേക്ഷ സ്വീകരിക്കാനും, നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം അപേക്ഷ തീര്‍പ്പാക്കാനുമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ പതിമൂന്ന് ജില്ലകളിലായി താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കാന്‍ ഉത്തരവിറങ്ങിയത്.
2019ല്‍ കൊണ്ടു വന്ന പൗരത്വ നിയമത്തില്‍ കേന്ദ്രം ഇനിയും ചട്ടങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ 1955ലെ സിറ്റിസണ്‍ഷിപ്പ് ആക്ട്, 2009ലെ സിറ്റിസണ്‍ഷിപ്പ് റൂള്‍ എന്നിവ പ്രകാരമാണ് കേന്ദ്രം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവര്‍ 2014 ഡിസംബര്‍ 31 നുള്ളില്‍ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
2019 ല്‍ കൊണ്ടുവന്ന സിഎഎ നിയമം വലിയ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമായിരുന്നു വഴിവെച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സമരങ്ങള്‍ തണുത്തത്. നിയമ പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കാന് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയുക. ഇപ്പോള്‍ കൊവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രം വീണ്ടും നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.