മഴക്കെടുതി ദുരിതം വിതയ്ക്കുന്നതിനിടെ തുണയായി ബിഎസ്എന്‍എല്‍ ജീവനക്കാര്‍. ആശയവിനിമയം അതീവ നിര്‍ണായകമായ സന്ദര്‍ഭത്തില്‍ കൈയില്‍ നിന്ന് പണമെടുത്തും ശമ്പളമില്ലാതെ ജോലി ചെയ്തുമാണ് ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സര്‍വ്വീസ് നിലനിര്‍ത്തുന്നത്. ആറുമാസമായി ശമ്പളം കിട്ടാത്ത കരാര്‍ തൊഴിലാളികളും അറ്റകുറ്റപ്പണികള്‍ക്കായി രംഗത്തിറങ്ങി. കേബിള്‍ ജോലിക്കായി മാത്രം നാലായിരത്തോളം കരാര്‍ തൊഴിലാളികളാണ് ശമ്പളം കിട്ടാത്ത അവസ്ഥയായിട്ടും കേരള സര്‍ക്കിളില്‍ പണിക്കിറങ്ങിയത്.
ശമ്പളം ലഭിച്ചാലും ഇല്ലെങ്കിലും വാര്‍ത്താവിനിമയബന്ധം പുനസ്ഥാപിക്കാന്‍ തൊഴിലാളികള്‍ ഇറങ്ങണമെന്ന് യൂണിയന്‍ നേതൃത്വം തൊഴിലാളികളോട് അഭ്യര്‍ത്ഥന നടത്തിയിരുന്നു.
മഴക്കെടുതിയില്‍ നൂറോളം എക്‌സ്‌ചേഞ്ചുകളും ആയിരത്തോളം മൊബൈല്‍ ടവറുകളും തകരാറിലായിട്ടുണ്ട്. ബിഎസ്എന്‍എല്‍ സ്ഥിരം ജീവനക്കാര്‍ കൈയില്‍ നിന്ന് പണമെടുത്താണ് ജോലികള്‍ ചെയ്യിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങളോളം വൈദ്യുതി ഇല്ലാതായ സ്ഥലങ്ങളിലെ മൊബൈല്‍ ടവറുകള്‍ ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമം ജീവനക്കാരും തൊഴിലാളികളും ആരംഭിച്ചിട്ടുണ്ട്. പേമാരി നാശം വിതച്ച പലയിടങ്ങളിലും ബിഎസ്എന്‍എല്‍ സര്‍വ്വീസ് മാത്രമാണ് ലഭിക്കുന്നത്.
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലെ തകരാറുകള്‍ പരിഹരിക്കാനായി പരമാവധി തൊഴിലാളികളെ രംഗത്തിറക്കാന്‍ ബിഎസ്എന്‍എല്‍ കാഷ്വല്‍ കോണ്‍ട്രാക്ടേഴ്‌സ് യൂണിയന്‍ ശ്രമം നടത്തുന്നുണ്ട്.
മഴക്കെടുതിയില്‍ ഇതുവരെ മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേരളാ സര്‍ക്കിളിന്റെ കണക്കുകൂട്ടല്‍. തുക അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനേജ്‌മെന്റിന് കത്ത് അയച്ചിട്ടുണ്ടെങ്കിലും ഡല്‍ഹിയില്‍ നിന്ന് ഫണ്ട് ലഭിക്കുമോ എന്ന് ഉറപ്പില്ല.
ചൊവ്വാഴ്ച്ച നടത്താനിരുന്ന സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് കരാര്‍തൊഴിലാളികള്‍ മാറ്റിവെച്ചു.