വീട്ടില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് കാണിച്ച് നടി കങ്കണ റണാവത്തിന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. ഓഫീസില്‍ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതില്‍ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. സെപ്റ്റംബര്‍ 9 നായിരുന്നു ഇത്. തുടര്‍ന്ന് കങ്കണയുടെ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്യുകയായിരുന്നു. പാലി ഹില്ലിലെ ഓഫീസിലേതിനേക്കാള്‍ ക്രമവിരുദ്ധമായ നിര്‍മ്മാണങ്ങള്‍ ഘറിലെ വീട്ടില്‍ നടത്തിയിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഘറിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് കങ്കണ താമസിക്കുന്നത്. ഇവിടെ നടിക്ക് മൂന്ന് ഫ്‌ളാറ്റുകളുണ്ട്. ഇവയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയെന്നാണ് പുതിയ ആരോപണം.
കങ്കണ-മഹാരാഷ്ട്ര സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെയാണ് നടിക്ക് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതിനിടെ ഞായറാഴ്ച നടി രാജ്ഭവനിലെത്തി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭരത് സിംഗ് കോശിയാരിയെ കണ്ടിരുന്നു. താന്‍ നേരിട്ട അന്യായം ഗവര്‍ണറെ ധരിപ്പിച്ചെന്ന് പീന്നീട് വ്യക്തമാക്കുകയും ചെയ്തു. സഹോദരി രംഗോലിക്കൊപ്പമാണ് കങ്കണ ഗവര്‍ണറെ കണ്ടത്. അതേസമയം ഇന്നും കങ്കണയ്‌ക്കെതിരെ പ്രതിഷേധം നടന്നു. ശിവസേനയുടെ ദളിത് ഘടകമായ ഓള്‍ ഇന്ത്യ പാന്തര്‍ സേനയാണ് നടിയുടെ വീടിന് മുന്‍പില്‍ പ്രതിഷേധിച്ചത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മുംബൈ മിനി പാകിസ്താനാണെന്ന് കങ്കണ കുറ്റപ്പെടുത്തിയിരുന്നു. മുംബൈ പാക് അധീന കശ്മീര്‍ പോലെയാണെന്ന ആരോപണം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെയും നടിയെ പിന്‍തുണയ്ക്കുന്ന ബിജെപിയെയും കടന്നാക്രമിച്ച് ശിവസേനയുമെത്തി. നടിക്കെതിരെ ദേശദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ശിവസേന ആവശ്യപ്പെട്ടത്. അതിനിടെ കങ്കണയുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കേന്ദ്രം വൈ കാറ്റഗറി സുരക്ഷയും ഏര്‍പ്പെടുത്തി. ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ പക്ഷപാതപരമായ അന്വേഷണമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കങ്കണ നേരത്തേ മുതല്‍ ആരോപിക്കുന്നുമുണ്ട്.