ഇടപ്പള്ളി കള്ളപ്പണക്കേസില്‍ പി.ടി. തോമസ് എംഎല്‍എയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ്. പി.ടി. തോമസ് പത്രസമ്മേളനം വിളിച്ച് പി.ടി. തോമസിന്റെ തന്നെ രാജി ആവശ്യപ്പെടേണ്ട സന്ദര്‍ഭം എപ്പോഴേ കഴിഞ്ഞുവെന്ന് പി രാജീവ് ഫേസ്ബുക്കില്‍ കുറിച്ചു. പി.ടി. തോമസ് ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതി നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന് നിര്‍ത്താതെ ദിവസങ്ങളോളം പത്ര സമ്മേളനം നടത്താന്‍ കഴിയേണ്ട വിഷയമാണിതെന്നും പി രാജീവ് പറഞ്ഞു.
പി.ടി. തോമസ് എംഎല്‍എക്കെതിരായ ആരോപണം മലയാള മനോരമയില്‍ സ്മരണാഞ്ജലിക്കും ചരമപരസ്യങ്ങള്‍്ക്കും ഇടയിലാണ് കൊടുത്തിരിക്കുന്നത്. അപകീര്‍ത്തിപ്പെടുത്തിയതിനെതിരെയുള്ള പി.ടി തോമസിന്റെ വാദം കൊടുക്കുന്ന വാര്‍ത്തയില്‍ ഭൂമി കൈമാറ്റവും കള്ളപ്പണവിവാദവും ആദ്യവരിയില്‍ മാത്രമേയുള്ളു. സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നതെങ്കില്‍ മനോരമയുടെ ഒന്നാം പേജ് നിറയുമായിരുന്നുവെന്നും പി രാജീവ് പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിടി തോമസ് എംഎല്‍എയെ പറ്റി മലയാള മനോരമ വാര്‍ത്ത കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ് ! സ്മരണാഞ്ജലികള്‍ക്കും ചരമ പരസ്യങ്ങള്‍ക്കുമിടയില്‍ 'പണം പിടിച്ച സംഭവം ' എന്ന വാര്‍ത്തയുണ്ട് ! അത് ഒരു സംഭവമാണ് എന്ന് സമ്മതിച്ചിട്ടുണ്ട്. അപകീര്‍ത്തി പ്രചാരണത്തിനെതിരെ പിടി തോമസ് എന്നത് തലക്കെട്ടില്‍ തന്നെ കൊടുത്തിട്ടുണ്ട്. വാര്‍ത്തയില്‍ 'സംഭവം ' ആദ്യ വരികളിലേയുള്ളു. പിന്നീടുള്ളതെല്ലാം പിടി തോമസിന്റെ വിശദീകരണം മാത്രമാണ്.
പിടി തോമസിന്റ നേതൃത്വമില്ലാതെ, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി മാത്രം സന്നിഹിതനായിരുന്ന സംഭവമായിരുന്നു എങ്കില്‍ മനോരമയുടെ ഒന്നാം പേജ് നിറഞ്ഞു നില്‍ക്കേണ്ടിയിരുന്ന വാര്‍ത്തയായിരുന്നു!
മാധ്യമ സമീപനങ്ങളെ സംബന്ധിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പത്ര സമ്മേളനത്തില്‍ പറഞ്ഞ കാര്യത്തിന് ഇതിനേക്കാളും നല്ല ഉദാഹരണം മറ്റൊന്നുണ്ടാകില്ല. പിടി തോമസ് ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതി നോക്കുകയാണെങ്കില്‍ അദ്ദേഹത്തിന് നിര്‍ത്താതെ ദിവസങ്ങളോളം പത്ര സമ്മേളനം നടത്താന്‍ കഴിയേണ്ട വിഷയമാണിത്.
കുടികിടപ്പുകാരന്റെ വീട് തകര്‍ത്ത് നിരപ്പാക്കാന്‍ ജെ സി ബി പുറത്ത് നിര്‍ത്തിയ ചര്‍ച്ചക്കാണ് താന്‍ മധ്യസ്ഥത വഹിച്ചതെന്ന് എംഎല്‍എ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയില്‍ പോലും എം എല്‍ എ ഇത്രയും ധൈര്യം കാണിക്കില്ല .500 രൂപയുടെ മുദ്ര പേപ്പറില്‍ എഴുതിയ കരാറില്‍ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ നല്‍കുമെന്ന് എഴുതി വെച്ചിട്ട് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ പണമായി നല്‍കുന്നു . 2 ലക്ഷം രൂപയില്‍ ബാങ്ക് വഴിയല്ലാതെ സാമ്പത്തിക ഇടപാട് നടത്തിയാല്‍ നിയമപ്രകാരം കുറ്റകരമായ രാജ്യത്ത് എംഎല്‍എ തന്നെ അതിന് കൂട്ടുനില്‍ക്കുന്നു. അതു വഴി കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റകൃത്യത്തെ സഹായിക്കുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ നിയമപ്രകാരം നടത്താതെ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാക്കുന്ന തട്ടിപ്പിന് കൂട്ടുനിന്നിരിക്കുന്നു.
80 ലക്ഷം കൈപ്പറ്റിയെന്ന് എഴുതി ഒപ്പിട്ടു വാങ്ങിച്ച് റിയല്‍ എസ്‌റ്റേറ്റ്കാരന് കൊടുത്തത് അദ്ദേഹം തന്നെയെന്ന് വ്യക്തമാക്കി. എന്നാല്‍ ആദായ നികുതിക്കാര്‍ വന്ന് പരിശോധിച്ചപ്പോള്‍ 50 ലക്ഷം രൂപ മാത്രമേ ഉണ്ടായിരുന്നു. അപ്പോള്‍ ആ ദരിദ്രകുടുംബത്തെ പറ്റിക്കുന്നതിനും കൂട്ടുനിന്നിരിക്കുന്നു.
ഇതെല്ലാം വസ്തുതകള്‍ മാത്രമാണ്. അദ്ദേഹം തന്നെ സമ്മതിച്ച കാര്യങ്ങള്‍. മനസാക്ഷി കോടതിയില്‍ പോലും മറുപടി പറയാന്‍ പറ്റാത്ത വസ്തുതകള്‍ . യഥാര്‍ത്ഥത്തില്‍ പിടി തോമസ് പത്ര സമ്മേളനം വിളിച്ച് പിടി തോമസിന്റെ തന്നെ രാജി ആവശ്യപ്പെടേണ്ട സന്ദര്‍ഭം എപ്പോഴേ കഴിഞ്ഞിരിക്കുന്നു! നീതി ബോധം തന്നെ.....