2019 ല്‍ ലോക്‌സഭയിലേക്കും 4 സംസ്ഥാന നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കായി 1264 കോടി രൂപയാണ് ചെലവഴിച്ചതെന്ന് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകളിലാണ് ഇക്കാര്യം വിശദീകരിച്ചത്. ലോക്‌സഭയ്ക്ക് പുറമെ ആന്ധ്ര പ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നിരുന്നു. പൊതുവില്‍ പ്രചരണത്തിനായി 1078 കോടിയും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേകമായി 186.5 കോടിയും ചെലവഴിച്ചെന്നാണ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്.
175.68 കോടി താരപ്രചാരകര്‍ക്കായും 325 കോടി വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്കായും 25.40 കോടി പോസ്റ്ററുകളും കട്ടൗട്ടുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്കായും ചെലവഴിച്ചെന്നാണ് വിശദീകരണം. 15.91 കോടി പൊതുയോഗങ്ങള്‍ക്കായും 212.72 കോടി മറ്റ് ചിലവുകളുമാണെന്നാണ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചെലവഴിച്ചതില്‍ 6.33 ലക്ഷം മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിനും 46 ലക്ഷം പബ്ലിസിറ്റി വസ്തുക്കള്‍ക്കായും 9.91 കോടി പൊതുയോഗങ്ങളും റാലികളും സംഘടിപ്പിക്കാനുമാണെന്ന് വിവരിക്കുന്നു. 2.52 കോടി പലവകയായും 48.96 ലക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ നിയമനടപടികള്‍ നേരിടുന്നത് വിശദീകരിക്കാനുമാണ് ചെലവഴിച്ചത്.
ബിജെപിയുടെ പ്രചരണച്ചെലവില്‍ 2014 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ 77 % വര്‍ധനവാണുണ്ടായത്. 2019 ല്‍ 2410 കോടിയുടെ വരുമാനമുണ്ടായതായി ബിജെപി കാണിച്ചിരിക്കുന്നു. 2017-18 നേക്കാള്‍ 1027 കോടിയുടെ വര്‍ധനവാണിത്. 2018-2019 വര്‍ഷത്തില്‍ 1005 കോടി ചെലവായെന്നാണ് ബിജെപി നല്‍കിയ കണക്ക്. 2017-18 ല്‍ 758 കോടി ചെലവായെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് 820 കോടിയാണ് ചെലവഴിച്ചത്. 2014 ല്‍ ഇത് 516 കോടിയായിരുന്നു.