സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിന്റെ രാജിആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പരിക്ക്. തൃശൂരില്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.
ബി. ഗോപാലകൃഷ്ണന്റ കണ്ണിനായിരുന്നു പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പത്തനംതിട്ടയിലും കോഴിക്കോടും പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി.
യുവമോര്‍ച്ച മാര്‍ച്ചിനുനേരെ അഞ്ചുതവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. മൂന്നു തവണ ലാത്തിവീശി, കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ആറു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പിന്നാലെ വന്ന എ.ബി.വി.പി മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. രാവിലെ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.
മലപ്പുറം വളാഞ്ചേരിയിലെ മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് റോഡില്‍ തടഞ്ഞു. ആലപ്പുഴയില്‍ മന്ത്രി കെടി ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ തങ്ങിയ വ്യവസായിയുടെ വീട്ടിലേക്കും യുവമോര്‍ച്ച മാര്‍ച്ച് നടത്തി.