സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് ബി.ജെ.പി നേതാവ് ഇ. ശ്രീധരന്‍. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പിഠിച്ചുവെന്നും ശ്രീധരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഇ. ശ്രീധരന്‍.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനോട് 3859 വോട്ടിനാണ് ഇ. ശ്രീധരന്‍ പാലക്കാട് പരാജയപ്പെട്ടത്.
രാഷ്ട്രീയത്തെക്കാള്‍ കൂടുതലായി തനിക്ക് പല കാര്യത്തിലും നാടിനെ സേവിക്കാന്‍ സാധിക്കുന്നുണ്ട്. കെ. റെയില്‍ നാടിന് ഉപകാരപ്പെടില്ലെന്നും സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ശ്രീധരന്‍ പറഞ്ഞു.
ഇ. ശ്രീധരന്റെ വാക്കുകള്‍
ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോഴും രാഷ്ട്രീയക്കാരനായിട്ടില്ല ചേര്‍ന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയത്തില്‍ ഞാന്‍ അങ്ങനെ സജീവമായി ഒന്നും പ്രവര്‍ത്തിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. അതിനെക്കാള്‍ കൂടുതലായി എനിക്ക് പല കാര്യത്തിലും നാടിനെ സേവിക്കാന്‍ സാധിക്കുന്നുണ്ട്. മൂന്ന് ട്രസ്റ്റ് ഞാന്‍ മാനേജ് ചെയ്യുന്നുണ്ട്.
രാഷ്ട്രീയത്തില്‍ വലിയ താത്പര്യമില്ല. അതിന് വലിയ മോഹവുമില്ല. തെരഞ്ഞെടുപ്പില്‍ തോറ്റ സമയത്ത് ചെറിയ നിരാശ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരു നിരാശയുമില്ല. കാരണം ഞാന്‍ എം.എല്‍.എ ആയി വന്നു. അതുകൊണ്ട് മാത്രം നാടിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല. അധികാരം കിട്ടാതെ ഒരു എം.എല്‍.എയെ ക്കൊണ്ടും ഒന്നും ചെയ്യാന്‍ സാധിക്കില്ല. സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല. അതുകൊണ്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന് അര്‍ത്ഥമില്ല.