സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ അട്ടിമറിക്കാനും, പുതിയത് നിര്‍മ്മിച്ചെടുക്കാനും, തീവ്ര വലതുപക്ഷ പ്രൊപ്പഗാന്‍ഡകള്‍ പ്രചരിപ്പിക്കാനും ബി.ജെ.പി ഐടി സെല്ലിന്റെ നേതൃത്വത്തില്‍ അപകടകരമായ ഒരു ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വെളിപ്പെടുത്തില്‍.
ടെക് ഫോഗ് എന്ന ആപ്പിലൂടെയാണ് ബി.ജെ.പി ഐടി സെല്‍ കൃത്രിമമായി സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ സൃഷ്ടിച്ചെടുക്കുന്നത്.
ബി.ജെ.പി ഐടി സെല്ലിലെ തന്നെ ഒരു ജീവനക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ദ വയര്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.
ബി.ജെ.പിയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാനും, വിമര്‍ശകരെ ഇല്ലായ്മ ചെയ്യാനും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും പൊതുജനധാരണകളും അഭിപ്രായങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുക്കാനും, വിദ്വേഷ പ്രചരണത്തിനും ബി.ജെ.പിയുടെ ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ അതീവ രഹസ്യമായാണ് ടെക് ഫോഗ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്.
ഐടി സെല്ലിലെ തന്നെ അതൃപ്തയായ ഒരു ജീവനക്കാരിയാണ് ദ വയറിന് ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളും തെളിവുകളും നല്‍കിയത്. തുടര്‍ന്ന് നടത്തിയ സ്വതന്ത്രമായ അന്വേഷണത്തിലൂടെ ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നത്.
കൃത്രിമ ഹാഷ് ടാഗുകളും ട്രെന്‍ഡുകളും
ടെക് ഫോഗ് ഉപയോഗിച്ച് ടെക്സ്റ്റുകളും ട്വിറ്റര്‍ ഫേസ്ബുക്ക് ട്രെന്‍ഡുകളും കൃത്രിമമായി സൃഷ്ടിച്ചെടുക്കാന്‍ കഴിയും. ട്വിറ്റര്‍ ട്രെന്‍ഡിങ്ങ്, ഫേസ്ബുക്ക് ട്രെന്‍ഡ്, തുടങ്ങിയവ ആപ്ലിക്കേഷന് ഹൈജാക്ക് ചെയ്യാന്‍ സാധിക്കും.
ഓട്ടോ റീട്വീറ്റ്, ഓട്ടോ റീഷെയര്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. തീവ്രവലതുപക്ഷ പ്രൊപ്പഗാന്‍ഡകള്‍ക്ക് ശക്തി പകരാനും അവയെ സമൂഹമാധ്യമങ്ങളില്‍ ശക്തമായി നിലനിര്‍ത്താനുമാണ് ഇത് ഉപയോഗിച്ച് വരുന്നത്.
ഇനാക്ടീവായിട്ടുള്ള വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹൈജാക്ക് ചെയ്ത് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലേക്ക് മെസേജ് അയക്കാനും ഈ ആപ്പിന് സാധിക്കും. ഇന്ത്യയിലെ രണ്ട് പ്രമുഖ കമ്പനികള്‍ക്ക് ഐടി സെല്ലിന്റെ ടെക് ഫോഗ് ആപ്പുമായി ബന്ധമുണ്ടെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പേഴ്‌സിസ്റ്റന്‍ഡ് സിസ്റ്റം, മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍. മൊഹല്ല ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഷെയര്‍ ചാറ്റ് എന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.