ക്യാരിബാഗുകള്‍ അടക്കം നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗവും വില്‍പനയും നിയന്ത്രിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പിന്തുണയറിയിച്ച് ബയോഡീഗ്രേഡബിള്‍ പേപ്പര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവരുടെ സംഘടന. കേരള ബയോഡീഗ്രേഡബിള്‍ പേപ്പര്‍ പ്രോഡക്ട്‌സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനാണ് സര്‍ക്കാരിന് പിന്തുണയുമായി രംഗത്തെത്തിയത്. നിരോധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ സര്‍ക്കാരിന് എല്ലാ സഹകരണവും ഉറപ്പ് നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു. .
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് പകരമായി മണ്ണിലലിഞ്ഞു ചേരുന്ന തരം പേപ്പര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ സംഘടന. സംസ്ഥാനത്ത് ആയിരത്തോളം ഉദ്പാദന യൂണിറ്റുകള്‍ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. 2020ലാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചത്. ഇതിനു പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്നതും മണ്ണില്‍ അലിഞ്ഞു ചേരുന്നതുമായ പേപ്പര്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായത്തിന് തുടക്കമിട്ടു. പേപ്പര്‍ നിര്‍മാണ വ്യവസായികളുടെ നേതൃത്വത്തിലായിരുന്നു സംരംഭം ആരംഭിച്ചത്.
തികച്ചും പ്രകൃതി സൗഹൃദവും പ്ലാസ്റ്റിക് മുക്തവുമായ ഈ ഉല്‍പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന പേപ്പര്‍ പ്ലേറ്റുകള്‍, കപ്പുകള്‍, ഇലകള്‍, ബോക്‌സുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ പരിസ്ഥിതിക്ക് ദോഷമാകുന്നില്ല. അതേസമയം നിരോധിത പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ കപ്പുകള്‍, സില്‍വര്‍ പ്ലാസ്റ്റിക് കോട്ടിംഗുള്ള പ്ലേറ്റുകള്‍, കേക്ക് ബോക്‌സുകള്‍, പേപ്പര്‍ ഇലകള്‍ എന്നിവ നികുതി വെട്ടിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി എത്തിക്കുന്നുണ്ടെന്നും നിയന്ത്രണമില്ലാതെ എല്ലാ മേഖലകളില്‍ നിന്നും വരുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഹബ്ബായി കേരളം മാറിയിരിക്കുകയാണെന്നും സംഘടന വിലയിരുത്തി.