കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം. എഫ്.ഐ.ആറില്‍ ഫ്‌ളാറ്റുടമയുടെ പേര് രേഖപ്പെടുത്താതെ പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മനുഷ്യാവകാശ ലംഘനങ്ങളില്‍ പൊലീസ് ഒട്ടകപക്ഷിയാകരുതെന്നും അദ്ദേഹം പറഞ്ഞു.
'ഭരണഘടനാപ്രമാണങ്ങള്‍ പ്രകാരമുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നയം നടപ്പിലാക്കലാണ് പൊലീസിന്റെ ചുമതല. അജ്ഞാതന്‍ എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജന്‍സിയായി പൊലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത്. വേലയെടുത്ത് ജീവിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കെല്ലാം സുരക്ഷിതബോധം നല്‍കും വിധം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', ഫെയ്‌സ്ബുക്കില്‍ ബിനോയ് വിശ്വം കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'എറണാകുളം ഫ്‌ലാറ്റ് ദുരന്തത്തിന്റെ FIR സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കണ്ടു. ഫ്‌ലാറ്റ് ഉടമയുടെ പേര് unknown എന്ന് കണ്ടപ്പോള്‍ അത്ഭുതം തോന്നി. നാട്ടില്‍ എല്ലാവരും വായിച്ചറിഞ്ഞ ആ പേരു് പോലീസ് മാത്രം അറിഞ്ഞില്ലേ?
നാടും വീടും വിട്ട് പണിയെടുത്ത് ജീവിക്കാന്‍ ഇവിടെയെന്നുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുകയാണ് LDF സര്‍ക്കാര്‍ നയം. അത് പൊലീസിലെ കുറേ പേര്‍ക്ക് അറിയില്ല. 10,000 രൂപക്ക് വേണ്ടി ബന്ദിയാക്കപ്പെട്ട ഒരു പാവം സ്ത്രീയുടെ പിടച്ചിലിന്റെ കഥയും ആ FIR പറയുന്നു. ആ പണം ഭര്‍ത്താവ് അയച്ചുകൊടുത്തെങ്കിലും 'unknown' ആയ ഫ്‌ളാറ്റ് ഉടമ ആ തൊഴിലാളിയെ വീട്ടില്‍ പോകാന്‍ സമ്മതിച്ചില്ല. ഇതും FIR വായിച്ച് മനസിലാക്കിയതാണ്.
ഇത്തരം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് മുമ്പില്‍ പൊലീസ് ഒട്ടകപ്പക്ഷിയാകരുത്. ഭരണ ഘടനാപ്രമാണങ്ങള്‍ പ്രകാരമുള്ള LDF സര്‍ക്കാര്‍ നയം നടപ്പിലാക്കലാണ് പൊലീസിന്റെ ചുമതല. unknown എന്ന മാളമുണ്ടാക്കി കുറ്റവാളികളെ ഒളിപ്പിക്കുന്ന ഏജന്‍സിയായി പൊലീസിലെ ചിലരെങ്കിലും മാറുന്നത് അനുവദിക്കരുത് . വേലയെടുത്ത് ജീവിക്കാന്‍ ഇവിടെയെത്തുന്നവര്‍ക്കെല്ലാം സുരക്ഷിതബോധം നല്‍കുംവിധം സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.'
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം