ദേശീയരാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയസ്ഥിതി മാത്രം നോക്കി കോണ്‍ഗ്രസിനെയും ബി.ജെ.പിയേയും ഒരേപോലെ കാണാനാവില്ലെന്ന് സി.പി.ഐ നേതാവും രാജ്യസഭാ എം.പിയുമായ ബിനോയ് വിശ്വം. മാതൃഭൂമി പത്രത്തിലെഴുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസുമായി സഹകരണം ആവശ്യമെന്ന വാദം അദ്ദേഹം കാരണങ്ങള്‍ നിരത്തി ആവര്‍ത്തിക്കുന്നത്.
''ഇടതുപക്ഷത്തിന് യോജിക്കാനാകാത്ത ഒട്ടേറെ തെറ്റുകുറ്റങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ ഇന്ത്യയിലാകമാനം സാന്നിധ്യമുള്ള ഏറ്റവും വലിയ മതേതര പാര്‍ട്ടി അന്നും ഇന്നും അത് തന്നെയാണ്. ആ പാര്‍ട്ടി തകര്‍ന്നാലുള്ള ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിന് കെല്‍പ്പുണ്ടായിരുന്നെങ്കില്‍ അതിനേക്കാള്‍ സ്വീകാര്യമായ മറ്റൊന്നില്ല.
പക്ഷേ കേരളമല്ല ഇന്ത്യ. ഇന്ത്യന്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. കോണ്‍ഗ്രസ് തകര്‍ച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നുവരുന്നത് നിര്‍ഭാഗ്യവശാല്‍ ബി.ജെ.പിയാണ്.
അതുകൊണ്ടാണ് ഫാസിസത്തെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്ന ഇടതുപക്ഷക്കാര്‍ കോണ്‍ഗ്രസ് തകരരുത് എന്നാഗ്രഹിക്കുന്നത്...
ഫാസിസം കടംകൊടുത്ത രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരാണ് ബി.ജെ.പി. അതുകൊണ്ടാണ് അവരെ മുഖ്യ എതിരാളികളായി ഇടതുപക്ഷം കാണുന്നത്.
ഫാസിസത്തിന്റെ പാത പിന്‍പറ്റുന്ന തീവ്രവലതുപക്ഷശക്തികളെ പരാജയപ്പെടുത്തിക്കൊണ്ടേ ഇന്ത്യക്ക് മുമ്പോട്ടുപോകാന്‍ പറ്റൂ. അതിന്റെ വഴികള്‍ ആരായുമ്പോഴാണ്, മതേതര, ജനാധിപത്യ, ഇടതുപക്ഷ ശക്തികളുടെ വിശാലമായ ഐക്യത്തിന്റെ ആവശ്യകത സി.പി.ഐ. ചൂണ്ടിക്കാട്ടിയത്,'' എന്നും ബിനോയ് വിശ്വം പറഞ്ഞു.