വിവാഹേതര ബന്ധത്തെ പറ്റിയുള്ള അന്വേഷണത്തിനിടെയാണ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോക കോടീശ്വരൻമാരിൽ മുൻനിരയിലുമുള്ള ബിൽ ഗേറ്റ്സ് രാജിവെച്ചതെന്ന് റിപ്പോർട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ബിൽ ഗെറ്സ്സിന്റെ വിവാഹേതര ബന്ധത്തെ പറ്റിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2000ലാണ് സഹപ്രവർത്തകയുമായുള്ള ബന്ധം ആരംഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2019 ലാണ് ബിൽ ഗേറ്റ്സിനെതിരെയുള്ള അന്വേഷണം മൈക്രോസോഫ്റ്റ് ആരംഭിച്ചത് . മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായ ജീവനക്കാരി തന്നെയാണ് ബിൽ ഗേറ്റ്‌സുമായുള്ള ബന്ധത്തെ കുറിച്ച് കത്തിലൂടെ ബോര്‍ഡിനെ അറിയിച്ചിരിക്കുന്നത്.
ജീവനക്കാരിയുടെ കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ബോർഡ് പരിശോധിക്കുകയും ബാഹ്യ നിയമ സഹായത്തോടെ വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഡയറക്ടർ ബോർഡിൽ ബിൽ ഗേറ്റ്സ് തുടരുന്നത് ധാർമികമല്ലെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ബിൽ ഗേറ്റ്സ് രാജിവെക്കുകയായിരുന്നു.